ഉസ്താദ് ഗുലാം അലി പാടുന്നു
കുവൈത്ത് സിറ്റി: ദൈവം കനിഞ്ഞരുളിയ മാസ്മരിക ശബ്ദത്തിൽ ഒരിക്കൽ കൂടി ഉസ്താദ് ഗുലാം അലി പാടി ‘ചുപ്കെ ചുപ്കെ രാത് ദിന്...ആന്‍സൂ ബഹാന യാദ് ഹെ’. വിശ്വവിഖ്യാത ഗസല്‍ ഗായകനെ നേരിൽ കേൾക്കാനെത്തിയ സംഗീത ആസ്വാദകർ അതേറ്റുപാടി. പല പാട്ടുകൾ പിറകെ വന്നു. ഹം തെരേ ഷെഹർ മേ ആയേ ഹെ, ഹാം കോ കിസ്കേ ഘാം നെ മാരാ...ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും ഉർദു കവിതയുടെ ഗാനാത്മക സമ്പന്നതയും ഒരിക്കൽ കൂടി വേദി നിറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി
ഗുലാം അലിക്കൊപ്പം
മഹ്ബൂലയിലെ ഇന്നോവ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കൾചറൽ സൊസൈറ്റി (ഐ.സി.എസ്) സംഘടിപ്പിച്ച ഗസൽ സന്ധ്യ ആസ്വാദകരെ ഗസൽ മഴയിൽ തണുപ്പിച്ച രാത്രിയായി. ഗുലാം അലികൊപ്പം മകൻ ആമിർ അലി ഖാൻ, ചെറുമകൻ നാസിർ അലി ഖാൻ, യുവ ഗസൽ കലാകാരനായ രഞ്ജിത് രാജ്വാഡ എന്നിവരും വേദിയിലെത്തി. ആലാപന സൗകുമാര്യവും അർഥ തലങ്ങളുംകൊണ്ട് ജനകോടികളെ ആകർശിച്ച ഗസലുകളുടെ പുനരാവിഷ്കാരത്തിന് ഇതോടെ വേദി സാക്ഷിയായി.പ്രശസ്ത ഗസൽ ഗായകൻ ജഗജീത് സിംഗിന് ഹൃദയാഞ്ജലി അർപ്പിച്ചാണ് ഇന്ത്യൻ കൾചറൽ സൊസൈറ്റി പരിപാടി സംഘടിപ്പിച്ചത്. ജഗജീത് സിംഗിന്റെ പ്രസക്തമായ ഗസലുകളും അവതരിപ്പിച്ചു. രണ്ട് സംഗീത പ്രതിഭകളുടെ ഗാനങ്ങൾ ഉയർന്നുകേട്ട സുന്ദരരാത്രി.
ഉസ്താദ് ഗുലാം അലിയെ നേരിൽ കേൾക്കാൻ കേരളത്തിൽ നിന്ന് ഷഹബാസ് അമൻ, ഇർഫാൻ എറൂത്ത്, ജാവേദ് അസ്ലം തുടങ്ങിയവരും മലയാളികളായ നിരവധി സംഗീതപ്രേമികളും കലാസ്വാദകരും എത്തിയിരുന്നു. മലയാളികളുടെ ഹൃദ്യമായ സ്നേഹാദരം ഏറ്റുവാങ്ങിയാണ് ഉസ്താദ് ഗുലാം അലി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.