കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. ഇതുസംബന്ധിച്ച സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശകൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ചചെയ്തു. അടുത്ത ദിവസത്തെ മന്ത്രിസഭ യോഗത്തിനുശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള നീക്കത്തിലാണ് കുവൈത്ത് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം എമർജൻസി കമ്മിറ്റി മന്ത്രിസഭക്ക് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ഒഴിവാക്കലും തുറന്ന സ്ഥലങ്ങളിലെ മാസ്ക് ഉപയോഗം ഐച്ഛികമാക്കലുമാണ് നിർദേശങ്ങളിൽ പ്രധാനം. ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ച് വിവാഹസൽക്കാരങ്ങളും പൊതുസമ്മേളനങ്ങളും നടത്താൻ അനുമതി നൽകാമെന്നും ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ തുറക്കാമെന്നും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിലാക്കുക, വിസ വിതരണം പുനരാരംഭിക്കുക തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് വിവരം.
ബുധനാഴ്ച ചേരുന്ന പ്രത്യേക കാബിനറ്റ് യോഗം നിർദേശങ്ങൾ വീണ്ടും ചർച്ചചെയ്തു തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ 569 പോസിറ്റിവ് കേസുകളാണുള്ളത്. ഇതിൽ 27 പേർ മാത്രമാണ് ചികിത്സ തേടിയത്. മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തോളം പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുമുണ്ട്. രണ്ടു ഡോസുകൾ പൂർത്തിയാക്കി ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട് ഇക്കാര്യങ്ങൾ എല്ലാം വിലയിരുത്തിയാണ് കൊറോണ എമർജൻസി കമ്മിറ്റി കൂടുതൽ ഇളവുകൾ ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.