കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫയലുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി അധികൃതർ.ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി അറിയിച്ചു.
രാജ്യത്ത് ഏഴു ലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്ക്. ഇതിൽ നിയമവിധേയമല്ലാത്ത 2,47,000 ലൈസൻസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ കൃത്രിമത്വം ഉള്ളവ കടന്നുകൂടിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.
വാഹന ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ വിവിധ ഉപാധികള്‍ പാലിക്കാതെ നേടിയ ലൈസന്‍സുകളും ജോലി മാറിയിട്ടും തിരിച്ചേൽപിക്കാത്ത ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കും. രണ്ട് വർഷം കുവൈത്തിൽ താമസിച്ചവര്‍ക്കും പ്രതിമാസം 600 ദീനാർ ശമ്പളവും സർവകലാശാല ബിരുദവുമുള്ളവര്‍ക്കാണ് നിലവിൽ ലൈസന്‍സുകള്‍ അനുവദിക്കുന്നത്.
ഇത്തരത്തിൽ അല്ലാത്തവരുടെ ലൈസൻസുകൾ റദ്ദാക്കിയേക്കും. കുറഞ്ഞശമ്പളമുള്ള തസ്തികയിലേക്ക് ജോലി മാറിയിട്ടും മാറ്റാത്തവർ, വീടുകളിലെ ഡ്രൈവറെന്ന പരിഗണനയിൽ നേടിയ ലൈസൻസ്, മറ്റു ജോലിയിലേക്ക് മാറിയിട്ടും ലൈസൻസ് മാറ്റാത്തവർ തുടങ്ങിയവരെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും
ഒരാഴ്ചക്കിടെ കണ്ടെത്തിയത് 31,000 ട്രാഫിക്നി യമലംഘനങ്ങൾ
കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച വാഹനപരിശോധനക്കിടെ കണ്ടെത്തിയത് 31,000 ഗതാഗത നിയമലംഘനങ്ങൾ. അശ്രദ്ധമായി ഡ്രൈവ്ചെയ്ത 40 പേരെയും 96 വാഹനങ്ങളും പിടികൂടി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 77 പ്രായപൂർത്തിയാകാത്തവരും പിടിയിലായി. ഇവരെ ജുവനൈൽ നടപടിക്കയച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 270 ട്രാഫിക് നിയമലംഘനങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാത്ത 293 കേസുകളും കണ്ടെത്തി. പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗിന്റെ മേൽനോട്ടത്തിൽ ഗതാഗത വകുപ്പാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.