വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഓസ്ട്രിയൻ മന്ത്രി
അലക്സാണ്ടർ ഷാലെൻബർഗുമായി വിവിധ കരാറുകളിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: ഓസ്ട്രിയൻ സന്ദർശനത്തിനിടെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വിയനയിൽ മന്ത്രി അലക്സാണ്ടർ ഷാലെൻബർഗുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രിയൻ നേതാക്കൾക്കും ജനങ്ങൾക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുവൈത്ത് ഭരണനേതൃത്വത്തിന്റെ സന്ദേശം അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ചർച്ച ചെയ്ത ഇരുവരും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരാഞ്ഞു. കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കൽ ചർച്ചകളിൽ പ്രധാനമായിരുന്നു. കുവൈത്ത് പൗരന്മാരുടെ അവധിക്കാല സന്ദർശന രാജ്യങ്ങളിൽ മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഓസ്ട്രിയ എന്ന് ശൈഖ് സലീം സൂചിപ്പിച്ചു. കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസ രഹിത മേഖലയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഷാലെൻബർഗ് പിന്തുണ അറിയിച്ചു.
ഈ നീക്കം വിനോദസഞ്ചാര, സാമ്പത്തിക, വ്യാപാര മേഖലകളിലെ പൊതുതാൽപര്യങ്ങളിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ സിറിയൻ പ്രതിസന്ധി, യുക്രെയ്ൻ യുദ്ധം തുടങ്ങി പൊതുവായ ആശങ്കയുള്ള പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും ഇരുവരും പങ്കുവെച്ചു. രണ്ടു ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സമീപകാല കരാറിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇത് പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും മികച്ച സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചക്കിടെ കുവൈത്ത്, ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളെക്കുറിച്ചുള്ള ധാരണപത്രം, കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) ഓസ്ട്രിയൻ ഡെവലപ്മെന്റ് ഏജൻസിയും (എ.ഡി.എ) തമ്മിലുള്ള വായ്പ സഹകരണം സംബന്ധിച്ച ധാരണപത്രവും അടക്കം നിരവധി കരാറുകളിൽ ഇരുവരും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.