കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തോടുള്ള സർക്കാർ അവഗണനയിലും, കുവൈത്ത്- കണ്ണൂർ ഗോ ഫസ്റ്റ് സർവിസുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ നിന്നുള്ള നിരുത്തരവാദപരമായ സമീപനത്തിലും കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) പ്രതിഷേധം രേഖപ്പെടുത്തി. കുവൈത്ത് മലയാളികളുടെ വിമാനയാത്ര ദുരിതം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും കെ.ഇ.എ ആവശ്യപ്പെട്ടു.
അവധിക്കാല സീസണിൽ കേരളത്തിലേക്ക് പ്രത്യേകിച്ച് മലബാറിലെ വിമാനത്താവളങ്ങളിലേക്ക് വിമാനക്കമ്പനികൾ കഴുത്തറപ്പൻ ചാർജാണ് ഈടാക്കുന്നത്. നിലവിലുള്ള ചില സർവിസുകൾ നിർത്തുകയും ചെയ്തതോടെ മലബാറിലെ പ്രവാസികൾ ഏറെ ദുരിതത്തിലാണ്.
അവധിക്കാലം കണക്കിലെടുത്ത് കണ്ണൂരിലേക്ക് കുടുംബസമേതം ഗോ ഫസ്റ്റിന് ടിക്കറ്റ് എടുത്തവർ നിരവധിയാണ്. നിരക്ക് ഉയരുമെന്നതിനാൽ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് എടുത്തവരാണ് ഭൂരിപക്ഷവും.വിമാനം നിർത്തലാക്കിയതോടെ ഇവരെല്ലാം ദുരിതത്തിലാണ്. പലർക്കും ടിക്കറ്റ് തുക തിരിച്ചു കിട്ടിയിട്ടില്ല. അവസാന നിമിഷം മറ്റു വിമാനത്തിൽ ടിക്കറ്റ് കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
വിഷയത്തിൽ കേന്ദ്ര, കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.ഇ.എ പ്രസിഡന്റ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട്, വനിത ചെയർപേഴ്സൻ വനജ രാജൻ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉണർത്തി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകും.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവിസ് റദ്ദാക്കിയത് വീണ്ടും നീട്ടി. ജൂൺ 19വരെ സർവിസ് ഉണ്ടായിരിക്കില്ലെന്ന് ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്ന് ശനി,വ്യാഴം,ചൊവ്വ ദിവസങ്ങളിലാണ് ഗോ ഫസ്റ്റ് കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നത്. മേയ് മൂന്നു മുതൽ ഇവ പൂർണമായും നിലച്ചു. ആദ്യ ഘട്ടത്തിൽ മേയ് ഒമ്പതുവരെയായിരുന്നു റദ്ദാക്കിയത്. പിന്നീട് ഇത് നീട്ടുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് വിമാന കമ്പനിയുടെ പ്രതിസന്ധിക്ക് കാരണം. ആഴ്ചയിൽ മൂന്നു ദിവസമുണ്ടായിരുന്ന ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂർ യാത്രക്കാർ വൻ പ്രതിസന്ധിയിലായി. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നിലവിൽ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ഏക വിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.