കുടുംബ വിസ; നിയന്ത്രണത്തിൽ ഇളവെന്ന്്

കുവൈത്ത് സിറ്റി: കുടുംബ വിസ നൽകുന്നതിലെ വിലക്ക് കുവൈത്ത് നീക്കുന്നതായി റിപ്പോർട്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.

കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലർക്ക് കുടുംബവിസ നൽകുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ അനുവദിക്കുന്ന വിലക്ക് പൂർണമായി മാറ്റുമെന്നാണ് സൂചന. നിരവധി അപേക്ഷകർ കുടുംബങ്ങളെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ്.

ആഗസ്റ്റിലാണ് കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് നിർദേശവും ലഭിച്ചു.

വിദേശികൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് നിർത്തിയത്. ഡോക്ടർമാർ, യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിരുന്നു. വിസ വിതരണത്തിന് പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്. കുടുംബ സന്ദർശന വിസ അനുവദിക്കുന്നതിലും ജൂൺ മുതൽ കുവൈത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. വാണിജ്യ സന്ദർശന വിസയിലാണ് ഇപ്പോൾ പലരും എത്തുന്നത്.

കുടുംബ സന്ദർശന വിസയിൽ എത്തിയ നിരവധി വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബ സന്ദർശന വിസ നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താമസ നിയമ ലംഘകർക്കെതിരെ രാജ്യത്ത് പരിശോധനയും നാടുകടത്തലും തുടരുകയാണ്.

Tags:    
News Summary - Family Visa; Be in control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.