വികസന, സുസ്ഥിരത കാര്യ മന്ത്രി റീം അൽ ഫുലൈജ് പരിസ്ഥിതി പൊതു അതോറിറ്റി
സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: പ്രാദേശിക വികസനങ്ങളും വർധിച്ചുവരുന്ന വെല്ലുവിളികളും കണക്കിലെടുത്ത് പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങളും സന്നദ്ധതയും ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് വികസന, സുസ്ഥിരതാ കാര്യ മന്ത്രി റീം അൽ ഫുലൈജ് വ്യക്തമാക്കി. കുവൈത്ത് പരിസ്ഥിതി പൊതു അതോറിറ്റിയിലെ ഫീൽഡ് സന്ദർശനത്തിനിടെയാണ് മന്ത്രിയുടെ പരാമർശങ്ങൾ.
വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ, ലബോറട്ടറികൾ, പരിസ്ഥിതി ഡാറ്റ മാനേജ്മെന്റ് യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ തയ്യാറെടുപ്പ് നിലവാരങ്ങൾ അവർ അവലോകനം ചെയ്തു. മെച്ചപ്പെട്ട ഏകോപനത്തിന്റെയും തത്സമയ പരിസ്ഥിതി നിരീക്ഷണത്തിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
നിലവിലെ സംവിധാനങ്ങൾ ശക്തമായ സന്നദ്ധതയും അടിയന്തര സാഹചര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള കഴിവും പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽ പാരിസ്ഥിതിക സുസ്ഥിരതയും വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കുന്നതിന് ദേശീയ സംവിധാനങ്ങളെ പിന്തുണക്കുന്നതിനും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും അൽ ഫുലൈജ് സൂചിപ്പിച്ചു.
നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സ്ഥാപനപരമായ ഏകോപനം വർധിപ്പിക്കാനുള്ള അതോറിറ്റിയുടെ താൽപ്പര്യം പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) ആക്ടിംഗ് ഡയറക്ടർ ജനറൽ നൗഫ് ബെഹ്ബെഹാനി വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള വായു ഗുണനിലവാരം അംഗീകൃത ദേശീയ മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെ തുടരുന്നതായും അതോറിറ്റി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.