മയക്കുമരുന്നുകൾ മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് കടത്തുകാരിൽനിന്ന് 120 കിലോ ഹാഷിഷ്, 36,000 ക്യാപ്റ്റഗൺ ഗുളികകൾ, ഒരു കിലോ ഷാബു, 250 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പരിശോധനക്ക് നേതൃത്വം നൽകി. പിടിച്ചെടുത്ത വസ്തുക്കൾ അദ്ദേഹം പരിശോധിച്ചു.
മയക്കുമരുന്ന് കടത്തുകാരിൽ നന്ന് കടുത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന് ശൈഖ് തലാൽ പറഞ്ഞു. ഇവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും, മയക്കുമരുന്ന് കടത്തുകാരുടെ വലയിൽ വീഴാൻ കുട്ടികളെയും യുവാക്കളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവാഴ്ച എല്ലാവർക്കും ബാധകമാണെന്ന് മന്ത്രി ഓർമപ്പെടുത്തി. മയക്കുമരുന്ന് കള്ളക്കടത്തുകാരെ നേരിടുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മയക്കുമരുന്ന് കടത്തുകയും പ്രോത്സാഹിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ എല്ലാ ഊർജവും വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ സുരക്ഷ കാര്യങ്ങളുടെ ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് മുബാറക് സലീം അൽ അലി അസ്സബാഹ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.