ബഹുസ്വരതയെ തകര്ക്കുന്നത് ഇന്ത്യയെ ഇല്ലാതാക്കും -പൗരസഭ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ അടിവേര് ബഹുസ്വരതയിൽ ആഴ്ന്നിറങ്ങിനിൽക്കുന്നതാണെന്നും ഈ അടിവേരറുക്കുന്നത് രാജ്യത്തെ ഇല്ലാതാക്കുമെന്നും ഫർവാനിയ സെന്ട്രല് ഐ.സി.എഫ് സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായാണ് ‘ബഹുസ്വരതയാണ് ഉറപ്പ്’ പ്രമേയത്തിൽ പൗരസഭ സംഘടിപ്പിച്ചത്.
ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും പൂർണ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ജനാധിപത്യ ബഹുസ്വര ആശയങ്ങൾ ലോകരാജ്യങ്ങൾക്കാകെ മാതൃകയാണ്. ഈ ആശയങ്ങളെ ഇല്ലായ്മചെയ്ത് ഏകശിലാ രാജ്യമായി ഇന്ത്യയെ പരിവർത്തിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ കൂട്ടായ പ്രതിരോധം ഉയർന്നുവരണം.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റപ്പെടാത്ത അവസ്ഥയാണ് നിലവിൽ. ഇന്ത്യയുടെ നിർമാണത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇന്ത്യാചരിത്രത്തെ ഭയക്കുന്നതെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി. സെന്ട്രല് പ്രസിഡന്റ് സുബൈര് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാഷനല് സെക്രട്ടറി റഫീഖ് കൊച്ചനൂര് ഉദ്ഘാടനം ചെയ്തു. അബ്ദുല് ഹകീം ദാരിമി, പ്രേമന് ഇല്ലത്ത്, എന്.കെ. ഖാലിദ് (കെ.എം.സി.സി), മുസഫര് (കല കുവൈത്ത്), ഷറഫുദ്ദീന് (കെ.കെ.എം.എ), അബ്ദുല്ല വടകര (ഐ.സി.എഫ്), ഹാരിസ് പുറത്തീല് (ആര്.എസ്.സി), എൻജി. അബൂ മുഹമ്മദ് തുടങ്ങിയവര് സംസാരിച്ചു. ഷബീര് സാസ്കോ സ്വാഗതവും ബഷീര് കുന്നമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.