കുവൈത്ത് സിറ്റി: രാജ്യത്ത് സ്വയംതൊഴിൽ ചെയ്യുന്ന ചെറുകിട സംരംഭകർക്കും പ്രത്യേക സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കും തൊഴിൽ പിന്തുണയുടെ ഭാഗമായി അലവൻസ് നൽകാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാണിജ്യ-വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് ഉസ്മാൻ അൽ അയ്ബാൻ നിർദേശത്തെ പിന്തുണച്ചു. യുവാക്കളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുമായാണ് തൊഴിൽ സഹായം.
യുവാക്കളെയും ബിസിനസ് അന്തരീക്ഷത്തിന്റെ വികസനത്തെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭയുടെ അംഗീകാരമെന്ന് ശൈഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, ചെറുകിട സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം കുറക്കുക, തൊഴിൽ അപേക്ഷകരുടെ എണ്ണം കുറക്കുക എന്നിവ ഇതുവഴി ലക്ഷ്യമിടുന്നു. പ്രതിവാര മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.