ഫൈസൽ അൽ അനീസി
കുവൈത്ത് സിറ്റി: ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഈ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും തത്തങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും ചൂണ്ടികാട്ടി.ഇസ്രായേൽ-ഇറാൻ സംഘർഷാവസ്ഥ ചർച്ച ചെയ്യുന്നതിന് യു.എൻ സുരക്ഷ കൗൺസിലിന്റെ അടിയന്തര സമ്മേളനത്തിന് മുമ്പ് ജി.സി.സിയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഫൈസൽ അൽ അനീസിയാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.
നിലവിലെ സാഹചര്യങ്ങൾ തുടരുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കും സംഘർഷൾ വർധിക്കുന്നതിലേക്കും നയിക്കും. ഇത് നയതന്ത്ര പരിഹാരത്തിന്റെയും സമാധാനത്തിന്റെയും സാധ്യതകളെ ദുർബലപ്പെടുത്തും. നയതന്ത്രത്തിനും സംഭാഷണത്തിനും മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജി.സി.സി രാജ്യങ്ങൾ സംഘർഷം തടയാനുമുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനും, സംഘർഷം തടയുന്നതിനും, ആണവ വിഷയത്തിൽ ഒമാന്റെ മധ്യസ്ഥതയിൽ യു.എസ്-ഇറാൻ ചർച്ചകൾ തുടരാനും യു.എൻ രക്ഷാകൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണം. ആണവ സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് മനുഷ്യരാശിക്കും പരിസ്ഥിതിക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കും. ജി.സി.സി രാജ്യങ്ങളിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും കപ്പൽ പാതകളെ ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെ മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ പ്രവർത്തനങ്ങളെ നേരിടേണ്ടതിന്റെ പ്രാധാന്യവും ഫൈസൽ അൽ അനീസി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.