ഇന്ത്യൻ പാസ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പാസ്‌പോർട്ട്, വിസ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി വിവിധ ഏജൻസികൾക്ക് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇതോടെ കുവൈത്തിൽ ഈ മാസം ഒന്നു മുതൽ ഇത്തരം സേവനങ്ങൾക്കായി ചുമതലപ്പെടുത്തിയ ഡ്യൂഡിജിറ്റൽ ഗ്ലോബലിന് പിൻമാറേണ്ടിവരും.
കുവൈത്തിന് പുമമെ യു.എ.ഇ, സിംഗപ്പൂർ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങൾക്കായുള്ള ടെൻഡറും കോടതി റദ്ദാക്കി. ഈ നാല് രാജ്യങ്ങളിലെയും സേവനങ്ങൾക്കായി ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
ടെൻഡർ നടപടികളുടെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് ബിഡ്ഡർമാർ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. ടെൻഡർ പങ്കാളിത്തത്തിൽ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ വെളിപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.
നേരത്തെ ഉണ്ടായിരുന്ന ബി.എൽ.എസ് ഇന്റർനാഷണലിന് പകരം കുവൈത്തിൽ ഡ്യൂഡിജിറ്റൽ ഗ്ലോബൽ സർവിസ് ഏറ്റെടുത്തതോടെ സർവീസ് ചാർജ് ആറ് മടങ്ങ് വരെ ഉയർന്നത് പ്രവാസികളിൽ പ്രതിഷേധം ഉയർന്നിരുന്നു.
പാസ്പോർട്ട് അപേക്ഷകൊപ്പം സർവിസ് ഫീസ് വർധിച്ചത് പ്രവാസികൾക്ക് വലിയ തിരിച്ചടിയും നൽകിയിരുന്നു. ഇതിനിടെ കോടതി നടപടികൾ ആരംഭിച്ചതോടെ ഇന്ത്യൻ എംബസി നേരിട്ടാണ് കോൺസുലർ സേവനങ്ങൾ നൽകിവരുന്നത്. തത്കാൽ പാസ്‌പോർട്ട്, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കുന്നവർക്കുള്ള ഹ്രസ്വകാല പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നീ അത്യാവശ്യ സേവനങ്ങൾ മാത്രമാണ് എംബസി നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.