കുവൈത്ത് സിറ്റി: വിമാനക്കമ്പനികൾ, യാത്രാ, ടൂറിസം ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സഹൽ ആപ്പ് വഴി സമർപ്പിക്കാമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. പരാതികളിൽ ശരിയായ അവലോകനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ രേഖകളും ഉൾപ്പെടുത്തണമെന്നും സഹൽ ആപ്പിന്റെ നടപടിക്രമങ്ങൾ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു. സിവിൽ ഏവിയേഷനിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനോ, സഹലിലെ പരാതികൾക്കുള്ള പ്രതികരണങ്ങളിലെ കാലതാമസം റിപ്പോർട്ട് ചെയ്യാനും, മറ്റു ഫീഡ്‌ബാക്കൾ അറിയിക്കാനും പൊതുജനങ്ങൾ തവാസുൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നും സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചു. എല്ലാ അഭിപ്രായങ്ങളും ഗൗരവത്തോടെയും നിഷ്പക്ഷമായും പരിഗണിക്കുമെന്നും ഉറപ്പുനൽകി.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ പരാതികൾക്കുള്ള തുടർനടപടികൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം റദ്ദാക്കിയ ടിക്കറ്റുകളുടെയും റിസർവേഷനുകളുടെയും മുഴുവൻ വിലയും 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകണമെന്ന് വിമാനക്കമ്പനികളോടും ട്രാവൽ ഏജൻസികളോടും കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിരുന്നു.
ടിക്കറ്റ് ഉപയോഗിച്ചിട്ടില്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യാൻ അർഹതയുണ്ടെന്നും ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകൾക്ക് ഉപയോഗിക്കാത്ത ഭാഗം പൂർണ്ണമായും റീഫണ്ട് ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റീഫണ്ടുകൾ യഥാസമയം വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.