കുവൈത്ത് സിറ്റി: കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിന് കാരണമായേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. സീസണൽ രോഗങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ കൈക്കൊള്ളൽ, മെഡിക്കൽ നിർദേശങ്ങൾ പാലിക്കൽ എന്നിവക്ക് പ്രാധാന്യം നൽകണമെന്നും ആരോഗ്യ മന്ത്രാലയം ഉണർത്തി. അടുത്തിടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും എത്തുന്ന ശ്വാസകോശ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
എന്നാൽ, ഇവയിൽ മിക്ക കേസുകളും ആശുപത്രി പ്രവേശനം ആവശ്യമില്ലാത്തവയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരാശരിക്ക് മുകളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കേസുകളുടെ നിലവിലെ വർധന നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. രോഗങ്ങളെ ചെറുക്കുന്നതിൽ മെഡിക്കൽ സ്റ്റാഫിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സീസണൽ വൈറസുകളിൽനിന്ന് സംരക്ഷിക്കുന്ന വാക്സിനേഷനുകളും എടുക്കേണ്ടത് പ്രധാനമാണ്.
അഞ്ച് വയസ്സോ അതിൽ താഴെയോ 65 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് ഇത്തരം കുത്തിവെപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം ഉണർത്തി. രോഗലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്താൽ ഡോക്ടറെ സമീപിക്കുകയും ആവശ്യമെങ്കിൽ കോവിഡ് വാക്സിനുകൾ സ്വീകരിക്കണമെന്നും ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധമൂലമുണ്ടാകുന്ന രോഗങ്ങളുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ടുകൾ. ആസ്ത്മ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. രാജ്യത്ത് ശ്വസനം, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 2007 മുതൽ 94 ശതമാനം വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. 2018ലെ കുവൈത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യുവാക്കൾക്കിടയിൽ അണുബാധ നിരക്ക് 15 ശതമാനമായും കുട്ടികളിൽ 18 ശതമാനമായും വർധിച്ചു.
ഇതിനു പിന്നിലെ മിക്ക കാരണങ്ങളും വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. കുവൈത്തിൽ വായു മലിനീകരണത്തിന്റെ തോത് ഭയാനകമാംവിധം വർധിച്ചതായി 2020ൽ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് സെന്റർ പഠനം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.