കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് സമീപത്തെ പക്ഷികളുടെ സാന്നിധ്യം ആശങ്കാജനകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി സൂചിപ്പിച്ചു.വിമാനത്താവള റൺവേയിൽ പക്ഷികളുടെ കൂട്ടം കൂടുന്നതുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന ആശങ്കകൾ പങ്കുവെച്ച് എണ്ണ മന്ത്രിയും സുപ്രീം കൗൺസിൽ ഫോർ ദി എൻവയൺമെന്റ് ചെയർമാനുമായ താരിഖ് അൽ റൂമിക്ക്, പബ്ലിക് എൻവയൺമെന്റ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ ഇമാൻ അൽ കന്ദരി കത്തയച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. വിമാനത്താവളത്തിന് സമീപം ഇരപിടിക്കുന്ന പക്ഷികളുടെ സാന്നിധ്യം സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ചും കത്തിൽ സൂചിപ്പിക്കുന്നു.
വിമാനത്താവള റൺവേയിൽ പക്ഷികളുടെ സാന്നിധ്യം ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് അൽ കന്ദരി പറഞ്ഞു. പക്ഷികൾ വിമാന എഞ്ചിനുകളിൽ പ്രവേശിക്കുകയും എഞ്ചിൻ തകരാറുകൾ, അപകടങ്ങൾ, മറ്റ് അപകടകരമായ പ്രത്യാഘാതങ്ങൾ എന്നിവക്ക് കാരണമാക്കുകയും ചെയ്യും. പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പക്ഷി നിരീക്ഷക സംഘമായ കുവൈത്ത് എൻവയൺമെന്റൽ ലെൻസ് ടീമിലെ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്.
പക്ഷികൾ വിശ്രമത്തിനും ഉറക്കത്തിനുമായി ഉപയോഗിക്കുന്ന വിമാനത്താവള റൺവേക്ക് സമീപങ്ങളിലെ മരങ്ങൾ മാറ്റി സ്ഥാപിക്കുക, പ്രദേശത്തെ മാലിന്യ സംസ്കരണം ഉറപ്പാക്കുക, സെവൻ റിങ് റോഡിന് സമീപമുള്ള കളപ്പുരകൾ നീക്കം ചെയ്യുക, അറവുശാല മാറ്റിസ്ഥാപിക്കുക, വിമാനത്താവളത്തിന് ചുറ്റും പക്ഷികളെ അകറ്റുന്ന ഉപകരണങ്ങൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവന്നതായും അറബ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.കുവൈത്ത് വിമാനത്താവളത്തിൽ വിമാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് പക്ഷികൾ പലപ്പോഴും വെല്ലുവിളി ഉയർത്താറുണ്ട്.അടുത്തിടെ കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ച് യാത്ര മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.