ഹോളി ഫാമിലി കോ- കത്തീഡ്രൽ ദേവാലയം, സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി എന്നിവിടങ്ങളിൽ നടന്ന ക്രിസ്മസ് ശുശ്രൂഷ
കുവൈത്ത് സിറ്റി: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. ആശംസകൾ കൈമാറിയും മധുരം നൽകിയും വിശ്വാസികൾ തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ടു.
പ്രധാന ക്രൈസ്തവ ദേവാലയങ്ങളായ അഹമ്മദിയിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം, കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കോ-കത്തീഡ്രൽ പാരിഷ് പള്ളി എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയും പ്രത്യേക ഉദ്ബോധനവും പാതിര കുർബാനയും കുരുത്തോല ശ്രുശ്രൂഷയും നടന്നു.
മലങ്കര സുറിയാനി കത്തോലിക്ക സഭാ സമൂഹത്തിന്റെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ഞായറാഴ്ച പുലർച്ച മൂന്നിന് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത് കർമികത്വം വഹിച്ചു.
സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി ക്രിസ്മസ് ശുശ്രൂഷകൾ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ദേവാലയത്തിൽ വിപുലമായി കൊണ്ടാടി. വിശുദ്ധ കുർബാന, തീജ്വാല ശുശ്രൂഷ എന്നിവക്ക് വികാരി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ കാർമികത്വം നൽകി.വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ കാരൾ, ക്രിസ്മസ് പരിപാടികൾ, മറ്റു ആഘോഷങ്ങൾ എന്നിവ നടന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും സ്ഥാപനങ്ങളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.