ഡോ. അബ്ദുല്ല അൽ സനദ്
കുവൈത്ത് സിറ്റി: അയൽരാജ്യത്തു നിന്നെത്തിയ ആൾക്ക് കോളറ സ്ഥിരീകരിച്ചെങ്കിലും രാജ്യം സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. അടുത്തിടെയുണ്ടായ കേസ് ഒറ്റപ്പെട്ട സംഭവവും യാത്രയുമായി ബന്ധപ്പെട്ടതുമാണ്.
കേസിലെ കോൺടാക്ടുകൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. കോളറക്കെതിരെ രാജ്യത്തെ ആരോഗ്യ സംവിധാനം ജാഗ്രത പുലർത്തുന്നുണ്ട്. വ്യക്തമായ പ്രോട്ടോകോൾ പിന്തുടരുകയും രോഗം വ്യാപകമായ രാജ്യങ്ങളിൽനിന്നുള്ള ആളുകളുടെ മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നുമുണ്ട്. മടങ്ങിവരുന്നവരിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ, സാമ്പ്ൾ എടുത്ത് ലബോറട്ടറിയിലേക്ക് അയക്കും.
ഫലം പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും സമ്പർക്കം പുലർത്തുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഭക്ഷണം തയാറാക്കുമ്പോൾ തിളപ്പിച്ചതോ കുപ്പിവെള്ളമോ ഉപയോഗിക്കുക, അജ്ഞാതമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഭക്ഷണം നന്നായി പാചകം ചെയ്യുക, വേവിക്കാത്ത സമുദ്രവിഭവങ്ങൾ ഒഴിവാക്കുക എന്നിവയിൽ ശ്രദ്ധനൽകണം.
മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ എളുപ്പത്തിൽ രോഗം പടരാം. കോളറ, വയറിളക്കം, ഛർദി, ഓക്കാനം, നിർജലീകരണം എന്നിവക്ക് കാരണമാകുന്നു. എന്നാൽ, വായുവിലൂടെ പകരില്ലെന്നും ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.