ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ
അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ പുതിയ സൗകര്യത്തിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. ഈ മാറ്റം രോഗികൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ഫ്രാൻസിലെ ഗുസ്താവ് റൂസി ആശുപത്രിയുമായുള്ള പങ്കാളിത്തം, പരിശീലനം, ചികിത്സ, ശാസ്ത്രീയ ഗവേഷണം എന്നിവയും ഇതിന്റെ ഭാഗമാണ്. ഈ വർഷം ആദ്യം ഫ്രഞ്ച് ആശുപത്രി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
രാജ്യത്തേക്ക് അത്യാധുനിക കാൻസർ പരിചരണ സാങ്കേതികവിദ്യ കൊണ്ടുവരിക, പൊതുജനാരോഗ്യ സേവനങ്ങളെ പിന്തുണക്കുക, വിദേശത്ത് ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കുറക്കുക, കുവൈത്ത് മെഡിക്കൽ പ്രഫഷണലുകൾക്ക് വിപുലമായ പരിശീലനം നൽകുക എന്നിവ പുതിയ ആശുപത്രി വഴി ലക്ഷ്യമിടുന്നു. വികസന പദ്ധതികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പൂർണ പിന്തുണയും ആരോഗ്യമന്ത്രി അറിയിച്ചു.
നടപടികൾ അവലോകനം ചെയ്യുന്നതിനായി കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ ബോർഡുമായി ആരോഗ്യമന്ത്രി യോഗം ചേർന്നു. ചികിത്സാ പ്രോട്ടോക്കോളുകളുടെ അപ്ഡേഷൻ, രോഗം നേരത്തെ കണ്ടെത്തൽ നടപടികളെ പിന്തുണക്കുക, രോഗികൾക്കും കുടുംബങ്ങൾക്കുമുള്ള മാനസികവും സാമൂഹികവുമായ സേവനങ്ങൾ വിപുലീകരിക്കുക എന്നിവ യോഗത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.