ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഏവരെയും ഞെട്ടിക്കുന്ന ഒന്നാണ്. എക്സിറ്റ് പോൾ എന്ന പേരിൽ രണ്ടു ദിവസം മുമ്പ് ഗോഡി മീഡിയ പുറത്തുവിട്ട കണക്കുകൾ ഫലം വന്നപ്പോൾ ഏറക്കുറെ ശരിയായി. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന യാഥാർഥ്യം നേരത്തേ നിലനിൽക്കുന്നുമുണ്ട്. ‘വോട്ട് ചോരി’ക്കെതിരായ പ്രചാരണത്തിലൂടെ രാഹുൽ ഗാന്ധി അതു തുറന്നു കാണിച്ചതുമാണ്.
ബിഹാറിലും സംഭവിച്ചത് മറ്റൊന്നല്ല എന്നു തന്നെയാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്ന സൂചന. ജനങ്ങൾക്കിടയിൽനിന്ന് ലഭിച്ച സർവേ എന്നും പറഞ്ഞു കേന്ദ്ര സർക്കാർ വിലക്കെടുത്ത മീഡിയകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം വോട്ട് ചോരി പിടിക്കപ്പെടാതിരിക്കാനുള്ള ആദ്യഘട്ടമായി വേണം മനസ്സിലാക്കാൻ. ആർക്കും സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം അവ ഉണ്ടാക്കിയെടുത്തു.
എക്സിറ്റ് പോൾ ഫലങ്ങളിലൂടെ ബി.ജെ.പി ജയിക്കുമെന്നത് ജനങ്ങളുടെ മനസ്സുകളിൽ ഉറപ്പിച്ചു. അതുകൊണ്ട് തന്നെ ഫലം പുറത്തുവന്നിട്ടും വോട്ട് ചോരിയുമായി ബന്ധപ്പെട്ട കള്ളത്തരങ്ങൾ എവിടെയും ചർച്ചയാവുകയോ ജനങ്ങൾ സത്യം മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ കാര്യങ്ങൾ വിലകുറച്ചു കാണിക്കുന്നതും അതെല്ലാം വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതും ഇതേ മീഡിയകളെ ഉപയോഗിച്ചാണ്. യഥാർഥ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട മീഡിയ, സർക്കാരിന്റെ പി.ആർ ഏജൻസികളായി മാറുന്നത് നമ്മുടെ നാടിന് വലിയ ആപത്താണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്നവർ സത്യത്തിൽ ഇന്ത്യയുടെ ആത്മാവിനെതന്നെ ഇല്ലാഴ്മ ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.