പിടികൂടിയ ലഹരിവസ്തുക്കൾ മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്നുവേട്ട. 152 കിലോഗ്രാം ഹഷീഷ്, ഒരു ദശലക്ഷം ലിറിക്ക ഗുളികകൾ, 150,000 കാപ്റ്റഗൺ ഗുളികകൾ, എട്ട് കിലോഗ്രാം കഞ്ചാവ്, രണ്ടു കിലോഗ്രാം ഷാബു, അഞ്ച് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവ പിടികൂടി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കോസ്റ്റ് ഗാർഡ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തിൽ നടത്തിയ പരിശോധനകളിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ മന്ത്രി ശൈഖ് തലാൽ പരിശോധിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും സമൂഹത്തെ ലഹരിയുടെ വിനാശകരമായ വിപത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് കടത്തുകാർ, ഡീലർമാർ എന്നിവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തുകാരെ നേരിടുന്നതിലും കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതൽ ശ്രദ്ധയോടെ ജോലി തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ്, ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.