കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചു നടത്തിയ നീക്കത്തിൽ ഇത്തരം ശ്രമങ്ങൾ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
മൂന്നു വ്യത്യസ്ത കമ്പനികളുമായി ബന്ധമുള്ള അഞ്ച് കണ്ടെയ്നറുകളിലെ സമഗ്ര പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. കണ്ടെയ്നറുകൾക്കുള്ളിൽ സംശയാസ്പദമായ ദ്രാവകം നിറച്ച ബാരലുകൾ കസ്റ്റംസ് കണ്ടെത്തി. ഇവയുടെ പരിശോധനയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാന്നിധ്യം തെളിഞ്ഞു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് ഉടൻ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി നേരിടും. നിയമം ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദേശീയ വിഭവങ്ങൾ ചൂഷണം ചെയ്യാനോ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങൾക്ക് കനത്ത നടപടികൾ നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചു. നടപടികളും പിഴയും ഒഴിവാക്കാൻ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.