കുവൈത്ത് സിറ്റി: കുവൈത്തിലെ രണ്ട് വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ വിവിധ രാജ്യങ്ങളും കൂട്ടായ്മകളും ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വടക്കൻ അതിർത്തി ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ടു ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം ഉണ്ടായത്. സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകൾ അതിർത്തി കേന്ദ്രങ്ങളിൽ ഇടിച്ചുകയറി ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
സംഭവത്തിൽ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച യു.എ.ഇ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പിന്തുണയും വ്യക്തമാക്കി.
ആക്രമണത്തെ സൗദി അറേബ്യയും അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും പ്രാദേശിക സുരക്ഷയും, സ്ഥിരതയും അപകടത്തിലാക്കാനുള്ള ശ്രമങ്ങളെയും രാജ്യം ശക്തമായി നിരസിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾക്കെതിരായ ഇത്തരം ഭീഷണികളെ ഇറാഖി സർക്കാർ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം ഉണർത്തി.
കുവൈത്തിനും സർക്കാറിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച സൗദി പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ ആവർത്തിച്ചു. ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരം ലംഘിക്കുന്നതും സുരക്ഷക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതുമായ എല്ലാ ശ്രമത്തെയും പൂർണമായും നിരാകരിക്കുന്നതായിഈജിപ്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്നും ഖത്തർ ചൂണ്ടികാട്ടി. ആക്രമണത്തെ ബഹ്‌റൈനും ശക്തമായി അപലപിച്ചു. കുറ്റവാളികളെ പിടികൂടി ഉടനടി നടപടി സ്വീകരിക്കാൻ ബഹ്‌റൈൻ ഇറാഖിനോട് ആവശ്യപ്പെട്ടു.
കുവൈത്തിലെ അതിർത്തി പോസ്റ്റുകൾ ആക്രമിച്ചതിനെ മുസ്ലീം വേൾഡ് ലീഗ് (എം.ഡബ്ല്യു.എൽ) ശക്തമായി അപലപിച്ചു. ഡ്രോൺ ആക്രമണങ്ങളെ ‘ക്രിമിനൽ പ്രവൃത്തി’ എന്ന് എം.ഡബ്ല്യു.എൽ സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലീം സ്കോളേഴ്‌സ് ചെയർമാനുമായ ഡോ. മുഹമ്മദ് അൽ ഇസ്സ വിശേഷിപ്പിച്ചു. ഇത് ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിനും നേതൃത്വത്തോടും, സർക്കാറിനോടും, ജനങ്ങളോടും ലീഗിന്റെ അചഞ്ചലമായ ഐക്യദാർഢ്യം അൽ ഇസ്സ അറിയിച്ചു. കുവൈത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും വ്യക്തമാക്കി.
ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള ലംഘനമാണെന്നും വിശേഷിപ്പിച്ചു. സംഭവത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവിയും കടുത്ത പ്രതിഷേധം അറിയിച്ചു.
ഡ്രോൺ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുവൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും, അംഗരാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.