ഇന്ത്യൻ നിർമിത വാക്സിനുമായി വിമാനം കുവൈത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക കോവിഡ് വാക്സിൻ തിങ്കളാഴ്ച എത്തുമെന്ന് റിപ്പോർട്ട്. ഒാക്സ്ഫഡ് വാക്സിെൻറ കുവൈത്തിലേക്കുള്ള ആദ്യ ഷിപ്മെൻറാവും ഇത്. ഫെബ്രുവരി, മാർച്ച് തുടക്കം എന്നിങ്ങനെയായി എട്ടു ലക്ഷം ഡോസുകൾകൂടി എത്തിക്കും.
ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിൽ എത്തിക്കഴിയുമെന്നാണ് വിലയിരുത്തൽ. ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളിൽ ഇറക്കുമതി ചെയ്ത ഫൈസർ, ബയോൺടെക് വാക്സിനാണ് രാജ്യനിവാസികൾക്ക് വിതരണം ചെയ്യുന്നത്.
ഫൈസർ കമ്പനി സാേങ്കതിക കാരണങ്ങളാൽ ഉൽപാദനം നിർത്തിയത് കുവൈത്തിലെ കുത്തിവെപ്പ് ദൗത്യം മന്ദഗതിയിലാക്കിയിട്ടുണ്ട്. അഹ്മദി, ജഹ്റ എന്നിവിടങ്ങളിൽകൂടി കുത്തിവെപ്പുകേന്ദ്രങ്ങൾ ആരംഭിച്ച് ദൗത്യം വേഗത്തിലാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെങ്കിലും വാക്സിൻ വേണ്ടത്ര എത്താത്തതാണ് തടസ്സം. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ അഞ്ച്, ആറ് എന്നിവിടങ്ങളിലാണ് ഇപ്പോൾ വിതരണം നടക്കുന്നത്. പുതിയ അപ്പോയൻറ്മെൻറുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഒാക്സ്ഫഡ് വാക്സിൻ എത്തുന്നതോടെ വിതരണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിദേശികളും സ്വദേശികളുമടങ്ങുന്ന 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനംവരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. ഡിസംബർ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വാക്സിൻ സ്വീകരിച്ചാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കേവിഡ് വാക്സിൻ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.