കുവൈത്ത് ദേശീയ ടീം
കുവൈത്ത് സിറ്റി: ഏഷ്യ കപ്പിലേക്ക് കണ്ണുനട്ട് കുവൈത്ത് ഞായറാഴ്ച യു.എ.ഇയെ നേരിടും. ഒമാനിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിന് കുവൈത്ത് കളത്തിലിറങ്ങുമ്പോൾ മലയാളികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആകാംക്ഷയിലാണ്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാഡണിയാം. യോഗ്യത മത്സരത്തിന് മുന്നാടിയായി ബഹ്റൈനുമായി നടന്ന ട്വന്റി20 മത്സരങ്ങളിൽ മികവാർന്ന പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് കുവൈത്ത്. അഞ്ച് മത്സരങ്ങളിൽ നാലിലും കുവൈത്ത് ഏകപക്ഷീയ വിജയം നേടിയിരുന്നു. ഈ പ്രകടനം ശനിയാഴ്ചയും പുറത്തെടുക്കാനായാൽ കുവൈത്തിന് വിജയം എളുപ്പമാകും.
ഞായറാഴ്ചത്തെ മത്സരം മലയാളികൾക്കും അഭിമാന മുഹൂർത്തമാണ്. മലയാളികളായ മുഹമ്മദ് ഷഫീഖ്, എഡിസൺ ഡിസിൽവ, ഷിറാസ് ഖാൻ എന്നിവർ കുവൈത്ത് ടീമിലുണ്ട്. കുവൈത്ത് ടീമിന്റെ നട്ടെല്ലായ ഇവർ സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുഹമ്മദ് ഷഫീഖ്, എഡിസൺ ഡിസിൽവ എന്നിവർ മാൻ ഓഫ് ദ മാച്ച് നേട്ടം കരസ്തമാക്കുകയും ചെയ്തു. യു.എ.ഇക്കെതിരെയും ഇവർ ഫോം നിലനിർത്തിയാൽ കുവൈത്തിന് കാര്യങ്ങൾ എളുപ്പമാകും. ക്യാപ്റ്റൻ മുഹമ്മദ് അസ്ലം, കോച്ച് മുത്തുമലിംഗ പുഷ്പകുമാര, മാനേജർ മഹ്മൂദ് അബ്ദുല്ല എന്നിവർ വിജയം പ്രതീക്ഷിക്കുന്നതായി പങ്കുവെച്ചു.
യു.എ.ഇ ടീമിലും മലയാളി സാന്നിധ്യമുണ്ട്. കണ്ണൂർ തലശ്ശേരിക്കാരൻ റിസ്വാൻ റഊഫാണ് യു.എ.ഇ ടീമിന്റെ അമരക്കാരൻ. യു.എ.ഇ ദേശീയ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയായ റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏക മലയാളികൂടിയാണ്. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റിസ്വാൻ പുറത്തെടുത്തത്. മലയാളികളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിലുണ്ട്. ടൂർണമെന്റിലെ ശക്തരായ ടീമുകളിലൊന്നാണ് യു.എ.ഇ. അതേസമയം, സ്കോട്ട്ലൻഡിൽ നടന്ന അവസാന ടൂർണമെന്റിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല യു.എ.ഇയുടേത്. സ്കോട്ട്ലൻഡിനെതിരായ രണ്ട് മത്സരത്തിലും അമേരിക്കക്കെതിരായ ഒരു മത്സരത്തിലും യു.എ.ഇ പരാജയപ്പെട്ടിരുന്നു.
ഏഷ്യ കപ്പിൽ ആറു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അഞ്ചു ടീമുകൾ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. ഇനി ഒരു ടീമിനാണ് അവസരം. ഇതിനായി കാത്തിരിക്കുന്നത് കുവൈത്ത്, യു.എ.ഇ, ഹോങ്കോങ്, സിംഗപ്പൂർ എന്നീ ടീമുകളാണ്. നേരത്തേ നടന്ന പ്രാഥമിക റൗണ്ടുകളിൽ വിജയിച്ചുവന്ന ടീമുകളാണ് ഇവ. 24 വരെ നടക്കുന്ന മത്സരങ്ങളിൽ ഈ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമിനായിരിക്കും യോഗ്യത ലഭിക്കുക. 23ന് കുവൈത്ത് ഹോങ്കോങ്ങിനെ നേരിടും. 24ന് സിംഗപ്പൂരുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം. രണ്ട് മത്സരമെങ്കിലും ജയിച്ചെങ്കിലേ പ്രതീക്ഷക്ക് വകയുള്ളൂ. മൂന്ന് മത്സരവും ജയിച്ചാൽ യോഗ്യത ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.