കുവൈത്ത് ദേശീയ ഫുട്ബാൾ ടീം കോച്ചും കളിക്കാരും വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് പ്രതീക്ഷകൾ കൈവിടാതെ വെള്ളിയാഴ്ച കുവൈത്ത് ബഹ്റൈനുമായി പോരിനിറങ്ങുന്നു. ജയം അനിവാര്യമായ മത്സരത്തിൽ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിക്കാനാകും കുവൈത്ത് ശ്രമം. ബഹ്റൈനും ഖത്തറും യു.എ.ഇയും കുവൈത്തും അടങ്ങുന്ന ഗ്രൂപ് ബിയിൽ രണ്ടു കളികൾ വിജയിച്ച ബഹ്റൈനാണ് മുന്നിൽ.
ഒരു കളികൂടി ശേഷിക്കേ, ആറു പോയന്റുള്ള ബഹ്റൈൻ ഏകദേശം സെമി ഉറപ്പാക്കിയിട്ടുണ്ട്. ഓരോ ജയവും തോൽവിയുമുള്ള ഖത്തറിനും കുവൈത്തിനും മൂന്നുപോയന്റ് വീതമാണുള്ളത്. വെള്ളിയാഴ്ച യു.എ.ഇയെ നേരിടുന്ന ഖത്തറിനും വിജയിച്ചാൽ സെമി സാധ്യതയുണ്ട്. ഇതിനാൽ ബഹ്റൈനെതിരെ വലിയ മാർജിനിൽ കുവൈത്തിന് വിജയം അനിവാര്യമാണ്.
ബഹ്റൈനുമായുള്ള മത്സരത്തിന് ടീം സജ്ജമാണെന്ന് കോച്ച് റൂയി ബെൻറോ പറഞ്ഞു. മത്സരത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ അദ്ദേഹം കളിക്കാരെ ഉണർത്തി. ഓരോ കളികൾ കഴിയുംതോറും ടീം കൂടുതൽ മികച്ച പ്രകടനം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
ആദ്യ മത്സരത്തിൽ ഖത്തറിനോട് രണ്ടു ഗോളുകൾക്ക് തോറ്റ കുവൈത്ത്, രണ്ടാം മത്സരത്തിൽ യു.എ.ഇയെ ഒരു ഗോളിന് തോൽപിച്ച് തിരിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ചയും വിജയം ആവർത്തിക്കാനാകുമെന്ന് ടീം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, നിലവിലെ ജേതാക്കളായ ബഹ്റൈൻ ശക്തമായ ടീമാണ്. വെള്ളിയാഴ്ചയോടെ ഗ്രൂപ് മത്സരങ്ങൾ അവസാനിക്കും. 16ന് സെമി ഫൈനൽ മത്സരങ്ങളും 19ന് ഫൈനലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.