കുവൈത്ത് സിറ്റി: കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിയിരിക്കെ തമീം മൻസൂറിന്റെ ഗോളിൽ യു.എ.ഇക്കെതിരെ ഖത്തർ നേടിയ സമനില തകർത്തത് കുവൈത്തിന്റെ സെമിഫൈനൽ മോഹം. അവസാന മത്സരത്തിൽ ശക്തരായ ബഹ്റൈനെതിരെ തോൽക്കാതെ പിടിച്ചുനിന്നിട്ടും കുവൈത്തിന് കണ്ണീരോടെ മടക്കം. അറേബ്യൻ ഗൾഫ് കപ്പിൽ അനിശ്ചിതത്വം നിറഞ്ഞ ദിവസമായിരുന്നു അവസാന ഗ്രൂപ് മത്സരം. ഗ്രൂപ് ബിയിൽ മൂന്നു പോയന്റുകളുണ്ടായിരുന്ന കുവൈത്തിനും ഖത്തറിനും അവസാന മത്സരം തോൽക്കാതെ നോക്കണമായിരുന്നു.
വിജയം ലക്ഷ്യമിട്ട് ബഹ്റൈനെതിരെ കളത്തിലിറങ്ങിയ കുവൈത്ത് 26ാം മിനിറ്റിൽ ഗോൾ വഴങ്ങിയെങ്കിലും വൈകാതെ സമനില ഗോൾ നേടി കുവൈത്ത് തിരിച്ചെത്തി. തുടർന്ന് കുവൈത്ത് നിരന്തര ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധനൽകിയായിരുന്നു കുവൈത്തിന്റെ തന്ത്രങ്ങൾ.
തത്സമയം നടന്ന ഖത്തർ-യു.എ.ഇ മത്സരത്തിൽ ഖത്തർ പിന്നിട്ടുനിന്നത് കുവൈത്തിന് ആശ്വാസമായിരുന്നു. ഖത്തർ തോറ്റാൽ ബഹ്റൈനുമായുള്ള സമനിലയിലൂടെ കുവൈത്തിന് സെമിഫൈനൽ ഉറപ്പായിരുന്നു. എന്നാൽ, അവസാന മിനിറ്റിൽ തമീം മൻസൂറിന്റെ ഗോളിൽ ഖത്തർ സമനില നേടി. ഇതോടെ കുവൈത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. മൂന്നു കളികളിൽ ഒരു ജയം, ഒരു സമനില, ഒരു തോൽവി എന്നിവയിൽ നാലു പോയന്റുകൾ വീതമാണ് കുവൈത്തിനും ഖത്തറിനും ഉണ്ടായിരുന്നതെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്തിനെ പിന്തള്ളി ഖത്തർ സെമിയോഗ്യത നേടുകയായിരുന്നു. രണ്ടു കളികൾ ജയിച്ച ബഹ്റൈൻ നേരത്തേ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.
ബഹ്റൈനെതിരെ കൂടുതൽ ഗോളുകൾ നേടാനാകാത്തതാണ് ടൂർണമെന്റിൽനിന്നുള്ള പുറത്താകലിന് കാരണമായതെന്ന് കുവൈത്ത് കോച്ച് റോയി പിന്റോ പറഞ്ഞു. ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ടീമിനെ ഓർത്ത് അഭിമാനിക്കണമെന്നും യോഗ്യത നേടുന്നതിൽനിന്ന് ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് ടീം അഭിമാനത്തോടെ പുറത്തായതെന്നും ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല അൽഷഹീൻ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഇറാഖ് ഖത്തറിനെയും ബഹ്റൈൻ ഒമാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.