വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ്
കുവൈത്ത് സിറ്റി: 750 അധ്യാപകരുടെ നിയമനത്തിന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അംഗീകാരം നൽകി. വിവിധ വിഷയങ്ങളിലെ കുവൈത്തി അധ്യാപകരെയാണ് കഴിഞ്ഞ ആഴ്ച നിയമിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരു വർഷമായി മരവിപ്പിച്ചിരുന്ന നിയമനമാണ് കഴിഞ്ഞ ആഴ്ച നടപ്പാക്കിയത്. കോവിഡ് കാലത്ത് നേരിട്ടുള്ള അധ്യയനം ഇല്ലാതിരുന്നതിനാലായിരുന്നു ഇത്.
വിവിധ സ്കൂളുകളിൽ നേരിടുന്ന അധ്യാപക ക്ഷാമം പരിഹരിക്കാൻ ഇത് സഹായിക്കും. മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, ചരിത്രം, ഇസ്ലാമിക വിദ്യാഭ്യാസം, ഭൂമിശാസ്ത്രം, കായിക വിദ്യാഭ്യാസം, തത്ത്വശാസ്ത്രം, ഫ്രഞ്ച് ഭാഷ, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഹോം ഇക്കണോമിക്സ്, ഇലക്ട്രിസിറ്റി, ജിയോളജി വിഷയങ്ങളിലാണ് നിയമനം. സെപ്റ്റംബറോടെ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്.
ഘട്ടം ഘട്ടമായാണ് വിദ്യാർഥിളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുക. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ കുവൈത്തിൽ സ്കൂളുകൾക്ക് അവധിയാണ്. ഓൺലൈനായാണ് സർക്കാർ വിദ്യാലയങ്ങളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്.
നേരിട്ടുള്ള അധ്യയനത്തിന് ഒാൺലൈൻ ക്ലാസുകൾ പകരമാകില്ലെന്ന് അധികൃതർക്ക് ബോധ്യമുണ്ട്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. എന്നാൽ, അതിനെല്ലാം ഉപരിയായി കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമായി കണ്ടാണ് ഒാൺലൈൻ അധ്യയനം തുടരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.