പ്രവാസി വെൽഫെയർ കുവൈത്ത് ചാർട്ടർ വിമാനത്തിലെത്തിയ യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സ്വീകരിക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി വീണ്ടും പ്രവാസി വെൽഫെയർ വിമാനം;രണ്ടാം ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്തത് 500 പേർ

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷത്തെ തുടർന്ന് യാത്രാ തടസ്സങ്ങൾ മൂലം കുവൈത്തിലും നാട്ടിലും അകപ്പെട്ട പ്രവാസികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. സംഘടന ഒരുക്കിയ രണ്ടാമത് ചാർട്ടർ വിമാനം 500 പേർ ഉപയോഗപ്പെടുത്തി.

സൗദിയിലെ ദമ്മാമിൽ നിന്ന് പുറപ്പെട്ട കുവൈത്ത് എയർവേസ് വിമാനം രാത്രി കൊച്ചിയിലെത്തി. കുവൈത്തിലേക്ക് തിരികെ വരേണ്ടവരെ പ്രവാസികളെ ഇതേ വിമാനത്തിൽ ദമ്മാമിൽ തിരിച്ചെത്തിച്ചു. ഖൈറാൻ മാളിൽ നിന്ന് ദമ്മാമിലേക്കും തിരിച്ചും ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു. അൽഹിന്ദ് ട്രാവൽസുമായി സഹകരിച്ചാണ് ചാർട്ടർ വിമാനം സജ്ജമാക്കിയത്.

പ്രവാസി വെൽഫെയർ കേന്ദ്ര നേതാക്കളും സന്നദ്ധ സേവനത്തിനായി ടീം വെൽഫെയർ പ്രവർത്തകരും കർമ്മരംഗത്തുണ്ടായിരുന്നു. യാത്രക്കാർക്ക് ലഘുഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

കൊച്ചിയിലെത്തിയ യാത്രക്കാരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സ്വീകരിച്ചു. ലഘുഭക്ഷണം വിതരണം ചെയ്തു. കൊച്ചിയിൽ നിന്ന് ദമ്മാമിലെത്തിയ യാത്രക്കാർക്കും പ്രവാസി വെൽഫെയർ സൗദി അറേബ്യ ഈസ്റ്റേൺ പ്രോവിൻസ് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

വിമാന യാത്ര നിരക്ക് ഉയരുകയും പ്രവാസികൾ കടുത്ത പ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടാതിരുന്ന പശ്ചാത്തലത്തിലാണ് യാത്രാ സൗകര്യം ഒരുക്കിയതെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ ആദ്യ ചാർട്ടർ വിമാനം ഏപ്രിൽ ഏഴിന് കൊച്ചിയിലേക്കും തിരിച്ചും സർവ്വീസ് നടത്തിയിരുന്നു.

Tags:    
News Summary - Another Pravasi Welfare flight brings relief to expatriates; 500 people traveled on the second charter flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.