കുവൈത്ത് സിറ്റി: സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാര മേഖല ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ‘അൽ മകാശ് 3’ പദ്ധതി വൻ വിജയം. മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് സന്ദർശകരാണ് ഇത്തവണ. ഇതുവരെ ഒന്നര ലക്ഷത്തിലധികം പേർ അൽ മകാശിന്റെ ഭാഗമായുള്ള സ്റ്റാളുകൾ സന്ദർശിച്ചുകഴിഞ്ഞു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൂടുതൽ പരിപാടികൾ അജണ്ടയിലുള്ളതിനാൽ സന്ദർശകരുടെ എണ്ണത്തിൽ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിയുടെ വിജയത്തിന് കാരണമാണ്. സന്ദർശക പ്രവാഹം കാരണം പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയാണ് ഇപ്പോൾ സമയ പരിധി. നവംബർ 16ന് ഡോ. അംതൽ അൽ-ഹുവൈല ഉദ്ഘാടനം ചെയ്ത പദ്ധതി മാർച്ച് അവസാനം വരെ തുടരും. ദേശീയ അവധി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സർപ്രൈസുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത്തവണ 30 ലധികം റസ്റ്റാറന്റുകളും കഫേകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മുൻ പതിപ്പുകളെ അപേക്ഷിച്ച് ഡൈനിങ് ഓപ്ഷനുകളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനായി പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തി. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കായിക മത്സരങ്ങളും മറ്റു പരിപാടികളും കാണാം.
കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും മിനിയേച്ചർ മൃഗശാലയും പദ്ധതിയിൽ ഉൾപ്പെടുത്തും. സന്ദർശകർക്ക് വെബ്സൈറ്റ് വഴിയോ EVENTAT ആപ്ലിക്കേഷൻ വഴിയോ റിസർവേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.