അദീബ് അഹമ്മദ്
കുവൈത്ത് സിറ്റി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) അറബ് കൗൺസിൽ ചെയർമാനായി വീണ്ടും നിയമിച്ചു. 2025-26 കാലയളവിലേക്കാണ് നിയമനം.
ഇന്ത്യയുടെ വ്യാപാര വ്യവസായ രംഗത്തെ പ്രധാന സംഘടനയായ ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ ആദ്യമായി ഈ പദവിയിലെത്തിയ അദീബ് അഹമ്മദ്, തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക ബന്ധത്തിൽ ശക്തമായ പങ്കു വഹിച്ചിരുന്നു. ഫിക്കി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന പദവിയും വഹിക്കും.
ഇന്ത്യയും മധ്യപൂർവേഷ്യൻ രാജ്യങ്ങളും തമ്മിലെ വ്യാപാര-വ്യവസായ ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഫിക്കി അറബ് കൗൺസിൽ ശക്തമായ പങ്കാണ് വഹിക്കുന്നത്. ദുബൈ എക്സ്പോ സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത് പ്രധാന നേട്ടങ്ങളിലൊന്നാണ്. വരും വർഷങ്ങളിൽ യുവ സംരംഭകർക്ക് കൂടുതൽ അവസരങ്ങളൊരുക്കാനും, ഇന്ത്യൻ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ) ജി.സി.സി വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കാനുമാണ് കൗൺസിൽ മുൻഗണന നൽകുന്നതെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ശ്രമിക്കും. മേഖലയിലെ യുവ സംരംഭകരെ ഉൾപ്പെടുത്തി പങ്കാളിത്തം വികസിപ്പിക്കുകയും കൂടുതൽ ഇടം നൽകുകയുമാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പെടെ മേഖലയിൽ സജീവമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടറാണ് അദീബ് അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.