കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുമ്പോഴും വലിയൊരു വിഭാഗം ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നത് അധികൃതർക്ക് തലവേദനയാകുന്നു. ആറ് ലക്ഷത്തോളം പേർ രാജ്യത്ത് ഇനിയും പ്രതിരോധ കുത്തിവെപ്പെടുക്കാൻ ബാക്കിയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി മറികടക്കുന്നതിൽ വാക്സിനേഷൻ കാമ്പയിൻ വലിയ പങ്കു വഹിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ദേശീയാടിസ്ഥാനത്തിൽ സമയബന്ധിതമായും വ്യവസ്ഥാപിതമായും നടത്തിയ കാമ്പയിനിലൂടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ അധികൃതർക്ക് സാധിച്ചു. സാമൂഹിക പ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുവരുന്നതിനിടെയാണ് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിത്തുടങ്ങിയത്.
ലോകം മുഴുവൻ ജനിതക മാറ്റം വന്ന കോവിഡ് വകഭേദം ഒമിക്രോൺ പടർന്നു പിടിക്കുകയും കുവൈത്തിലെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കാമ്പയിൻ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. രണ്ടുഡോസ് പൂർത്തിയാക്കി ഒമ്പതു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കിയത് ഇതിന്റെ ഭാഗമായാണ്. മുൻഗണന വിഭാഗങ്ങൾക്ക് നാലാമത്തെ ഡോസ് നൽകുന്ന കാര്യവും ആലോചനയിലുണ്ട്.
പരമാവധി വേഗത്തിൽ എല്ലാവർക്കും വാക്സിൻ പരിരക്ഷ ഉറപ്പാക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാൽ, ഒറ്റ ഡോസ് പോലും എടുക്കാത്ത നിരവധി പേർ ഈ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുകയാണ്. വാക്സിൻ സംബന്ധിച്ച ആശങ്കകൾ മാറിയിട്ടും രജിസ്റ്റർ ചെയ്യാതെ മാറിനിൽക്കുന്നവരുടെ എണ്ണം ആറുലക്ഷത്തോളം വരുമെന്നാണ് കണക്ക്. പൂർണതോതിൽ സാമൂഹിക പ്രതിരോധം സാധ്യമാക്കാൻ ഈ വിഭാഗത്തെ കൂടി വാക്സിൻ പരിരക്ഷയിൽ കൊണ്ടു വരണം. അതിനുള്ള തീവ്ര പരിശ്രമത്തിലാണ് അധികൃതർ.
കുത്തിവെപ്പ് കേന്ദ്രങ്ങളിൽ തിരക്കേറി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു. രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കി ഒമ്പത് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചത്. പ്രധാന വാക്സിനേഷൻ കേന്ദ്രമായ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലും ജാബിർ കോസ് വേ ഡ്രൈവ് ത്രൂ സെൻററിലും ജലീബ് യൂത്ത് സെൻററിലും എത്തുന്നവർക്ക് മുൻകൂർ അപ്പോയിൻമെൻറില്ലാതെ തന്നെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നു.
ഇത് 50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് തിരക്ക് വർധിച്ചതിനെ തുടർന്നാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ഒന്നിച്ചെത്തിയത് വലിയ തിരക്കിനും ആൾക്കൂട്ടത്തിനും കാരണമായി. മിശ്രിഫ്, ശൈഖ് ജാബിർ കടൽ പാലം, ജലീബ് യൂത്ത് സെൻറർ എന്നീ കേന്ദ്രങ്ങൾക്ക് പുറമെ തെരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും ബൂസ്റ്റർ വാക്സിൻ നൽകുന്നുണ്ട്. ഇവിടങ്ങളിൽ ഏത് പ്രായവിഭാഗക്കാർക്കും മുൻകൂർ അപ്പോയിൻമെൻറ് നിർബന്ധമാണ്.
150 കോടി വാക്സിൻ വിതരണം ആഘോഷമാക്കി ഇന്ത്യൻ പവിലിയൻ
ദുബൈ: ഇന്ത്യയിൽ വാക്സിൻ വിതരണം 150കോടി പിന്നിട്ടത് ആഘോഷമാക്കി എക്സ്പോ 2020 ദുബൈയിലെ രാജ്യത്തിന്റെ പവിലിയൻ. കഴിഞ്ഞദിവസം പവിലിയന്റെ പുറംഭാഗത്ത് 1.5 ബില്യണിലധികം കോവിഡ് വാക്സിനുകൾ ചെയ്തു എന്ന് പ്രദർശിപ്പിച്ചാണ് നാഴികക്കല്ല് അവിസ്മരണീയമാക്കിയത്. ഇന്ത്യയിൽ നിലവിൽ രണ്ടാം ഡോസ് വിതരണം പുരോഗമിക്കുകയാണ്. അതിനിടെ, വാക്സിൻ 150 കോടിയിലെത്തിയത് രാജ്യത്ത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി അഭിനന്ദിക്കപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ് പവിലിയനിലും പ്രദർശനം ഒരുക്കിയത്.
ഇന്ത്യൻ പവിലിയൻ നിലവിൽ അഞ്ചുലക്ഷത്തിലേറെ സന്ദർശകരെ ഇതിനകം ആകർഷിച്ചിട്ടുണ്ട്. എക്സ്പോയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ പവിലിയനിൽ രാജ്യത്തിന്റെ ഭൂതകാലവും ഭാവി പദ്ധതികളുമാണ് പരിചയപ്പെടുത്തുന്നത്. എക്സ്പോ പകുതി ദിനങ്ങൾ പിന്നിട്ടപ്പോഴാണ് സന്ദർശകർ അഞ്ചുലക്ഷം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.