കിസ്മത്തിലെ ദലിത് നായികയായി അഭിനയിക്കാന്‍  പലരും തയാറായില്ല –ഷാനവാസ് ബാവക്കുട്ടി

മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ‘കിസ്മത്ത്’ എന്ന സിനിമ സംവിധാനം ചെയ്തയാളാണ് ഷാനവാസ് ബാവക്കുട്ടി. റിയലിസ്റ്റിക് പരിചരണത്തിലൂടെ സാമൂഹിക പ്രസക്തിയുള്ള പ്രമേയം അദ്ദേഹം പ്രേക്ഷകരിലത്തെിച്ചപ്പോള്‍ നിരൂപകപ്രശംസയും തിയറ്ററില്‍ സ്വീകാര്യതയും കിട്ടി. പൊന്നാനി നഗരസഭാ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും കൂടിയാണിദ്ദേഹം. പൊന്നാനി സിറ്റി അസോസിയേഷന്‍െറ ‘പൊന്നോത്സവ്’ പരിപാടിയില്‍ മുഖ്യാതിഥിയായി കുവൈത്തിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുന്നു. 

•രാഷ്ട്രീയക്കാരനായ സിനിമക്കാരനായാണോ സിനിമക്കാരനായ രാഷ്ട്രീയക്കാരനായാണോ താങ്കള്‍ സ്വയം അടയാളപ്പെടുത്തുന്നത്? 
ഒന്നാമതായി ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. പൊതുപ്രവര്‍ത്തന ജീവിതത്തില്‍നിന്ന് ലഭിക്കുന്ന അറിവും അനുഭവങ്ങളുമാണ് സിനിമയില്‍ പ്രയോഗിച്ചത്. ഇനി എത്ര സിനിമ ചെയ്താലും അതിനകത്ത് പറയാനുള്ളത് രാഷ്ട്രീയജീവിതത്തില്‍നിന്ന് കിട്ടിയ കാര്യങ്ങളായിരിക്കും. സിനിമ കലാപ്രവര്‍ത്തനത്തിന്‍െറ ഭാഗമാണ്. അതിനിയും സംഭവിക്കും. 

•സംഭവകഥയായതിനാലാണോ കിസ്മത്തില്‍ റിയലിസ്റ്റിക് പരിചരണം സ്വീകരിച്ചത്?
അങ്ങനെയല്ല. ജീവിതമാണ് സിനിമ. റിയലിസമാണ് ജീവിതം, ഫാന്‍റസിയല്ല എന്നാണെന്‍െറ കാഴ്ചപ്പാട്. 

•അതായത് റിയലിസത്തിന്‍െറ ആശാനായ രാജീവ് രവിയുടെ കൂട്ട് അല്ല കാരണം?
അതിനെ പൂര്‍ണമായി തള്ളിക്കളയാനാവില്ല. ഞാന്‍ സിനിമ പഠിച്ചത് രാജീവേട്ടന്‍െറയും അനുരാഗ് കശ്യപിന്‍െറയുമൊക്കെ സിനിമകള്‍ കണ്ടിട്ടാണ്. അല്ളെങ്കില്‍ എന്നെ സ്വാധീനിച്ച സിനിമകള്‍ അവരുടെയൊക്കെയാണ്. അക്കാദമിക്കായി സിനിമ പഠിച്ചിട്ടില്ല. ഒരു അസിസ്റ്റന്‍റായി പോലും സിനിമയില്‍ പ്രവര്‍ത്തിച്ച പരിചയം എനിക്കില്ല. കണ്ടുപഠിച്ചതാണ്. ആ മേക്കിങ് രീതിയോട് ഇഷ്ടം തോന്നി. അത് തുടരാനാണ് താല്‍പര്യം. 

•നല്ല ഒരു പ്രമേയം കൂടുതല്‍ പേരിലത്തെിക്കാന്‍ അല്‍പം ഫാന്‍റസിയാവുന്നതില്‍ തെറ്റുണ്ടോ?
തെറ്റില്ല. നമ്മള്‍ ഒരു ഹോട്ടലില്‍ കയറുന്നുവെന്ന് കരുതുക. അവിടെ നിരവധി വിഭവങ്ങളുണ്ടാവും. അവിടെ നാം നമുക്കിഷ്ടമുള്ളത് കഴിക്കുക യാണ്. എനിക്കിഷ്ടം റിയലിസമാണ്. ഇപ്പോള്‍ പുലിമുരുകന്‍ തിയറ്ററില്‍ തകര്‍ത്തോടുന്നു. ഞാനും കണ്ടു. അത് അത്തരമൊരു സിനിമയാണ്. എന്നാല്‍, കിസ്മത്ത്, അന്നയും റസൂലും, സ്റ്റീവ് ലോപസ് തുടങ്ങിയവക്ക് വേറൊരു ടോണ്‍. ഈ വൈവിധ്യങ്ങളെ ഞാന്‍ അംഗീകരിക്കുന്നു, ആദരിക്കുന്നു.
 
•പൊതുവായി പങ്കുവെക്കുന്ന രാഷ്ട്രീയമാണോ രാജീവ് രവിയിലേക്കെത്തിച്ചത്?
ഒരേ രീതിയില്‍ ചിന്തിക്കുന്ന ആളുകള്‍ എന്നത് പരസ്പരം അടുപ്പിക്കുന്നുവെന്നത് സത്യമാണ്. അതേസമയം, എനിക്ക് അദ്ദേഹത്തിന്‍െറ രാഷ്ട്രീയത്തില്‍ വിയോജിപ്പുകളുമുണ്ട്. പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നല്ല മനുഷ്യന്‍ എന്ന നിലക്കാണ് അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം.

•ഓരോ സിനിമയും ഒരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന കാഴ്ചപ്പാടാണോ ഉള്ളത്. അതായത്, സിനിമക്ക് ഒരു രാഷ്ട്രീയം ഉണ്ട്, ഉണ്ടാവണം എന്ന കാഴ്ചപ്പാട്?
രാഷ്ട്രീയം എന്നത് പാര്‍ട്ടിയുടെ നിറമല്ല. നിലപാടാണ്. നമുക്കൊരു നിലപാടും കാഴ്ചപ്പാടും ഉണ്ടാവണം. അത് നമ്മുടെ കലാസൃഷ്ടിയില്‍ പ്രതിഫലിക്കും. അതേസമയം, കേവല വിനോദത്തിനായി ഇറങ്ങുന്ന സിനിമയും സിനിമതന്നെയാണ്. പ്രേക്ഷകനെന്ന നിലയില്‍ എല്ലാതരം സിനിമകളെയും ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. രാജമാണിക്യവും കാണും ഫെസ്റ്റിവല്‍ സിനിമയും കാണും. എന്‍േറത് മാത്രമാണ് ശരി എന്ന അഭിപ്രായമില്ല.
 
•പുതുമുഖ സംവിധായകന്‍ പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ വിപണിമൂല്യത്തെ പറ്റിയുള്ള ആശങ്കകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നോ?
ഓഫ് ബീറ്റ് സിനിമയെന്ന നിലയില്‍ വന്ന ‘കിസ്മത്ത്’ എല്ലാനിലക്കും സ്വീകാര്യത നേടിയതില്‍ സന്തോഷമുണ്ട്. സത്യത്തില്‍ സിനിമയുടെ മാമൂലുകളെ പറ്റി എനിക്കറിയില്ലായിരുന്നു. മനസ്സിലുള്ള സിനിമ യാഥാര്‍ഥ്യമാക്കണം എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ഒരുപക്ഷേ അത്തരം കാര്യങ്ങള്‍കൂടി പരിഗണിക്കും. ഒരു പരിധിവിട്ട് സ്റ്റാര്‍ വാല്യൂവിന് പിറകെ പോവില്ല. സിനിമയാണ് സ്റ്റാര്‍ എന്നതാണ് കാഴ്ചപ്പാട്. 

•സംഭവകഥ സിനിമയാക്കുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധി അനുഭവിച്ചോ?
കിസ്മത്തില്‍ പ്രണയം തീവ്രമായിരുന്നില്ല എന്ന് ചിലര്‍ പരാതി പറഞ്ഞു. എനിക്ക് വേണമെങ്കില്‍ അവരെ പൊന്നാനി കടപ്പുറത്ത് പാട്ടുംപാടിച്ച് തീവ്രമാക്കായിരുന്നു. പക്ഷേ അതല്ല. ഞാന്‍ കണ്ടത് പ്രണയതീവ്രതയായിരുന്നില്ല. വേദനയായിരുന്നു. പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സമൂഹം നല്‍കുന്ന തിക്താനുഭവങ്ങളായിരുന്നു ഞാന്‍ കണ്ടത്. അതങ്ങനെതന്നെ പകര്‍ത്താനാണ് ശ്രമിച്ചത്.

•ദലിതരോടുള്ള സമൂഹത്തിന്‍െറ കാഴ്ചപ്പാടില്‍ ചില തകരാറുണ്ടെന്ന സന്ദേശമാണോ കിസ്മത്ത് പ്രധാനമായി പങ്കുവെക്കുന്നത്?
അതൊരു സത്യമാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍ കിസ്മത്തിന്‍െറ സാറ്റലൈറ്റ് ഒപ്പിടാന്‍ പോയപ്പോള്‍ വലിയൊരു ഹോട്ടലില്‍ കയറി. വെയ്റ്ററെ കണ്ടപ്പോള്‍ സംശയം തോന്നി ചേട്ടന്‍ മലയാളിയാണോ എന്നു ചോദിച്ചു. മറുപടി ഞെട്ടിപ്പിക്കുന്നതാണ്. മലയാളിയാണ്, ബ്രാഹ്മണനുമാണെന്നു പറഞ്ഞു അദ്ദേഹം. നമ്മുടെയൊക്കെ ഉള്ളില്‍ ജാതിബോധം അത്രമേല്‍ വേരൂന്നിയിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പോലും മക്കള്‍ക്ക് പേരിടുമ്പോള്‍ ജാതിവാല്‍ ചേര്‍ക്കുന്നു. അങ്ങേയറ്റം മോശമാണത്. രാഷ്ട്രീയത്തിലും കലാരംഗത്തും മറ്റെല്ലാ മേഖലയിലും ഉള്ള ജാതിമേല്‍ക്കോയ്മയെ അഡ്രസ് ചെയ്തേ പറ്റൂ. ദലിതനെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയെയും അംഗീകരിക്കാനാവില്ല. കിസ്മത്തിലെ നായിക ദലിത് പെണ്‍കുട്ടിയായതുമൂലം അഭിനയിക്കാന്‍ തയാറാവാത്തവരുണ്ട്.

Tags:    
News Summary - abdulla bavakkutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.