കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിലും നിയമവിരുദ്ധ വിസ വിൽപനയിലും ഏർപ്പെട്ട ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് ഓഫിസിനെതിരെ നടപടി. ഫഹാഹീലിലെ റിക്രൂട്ട്മെന്റ് ഓഫിസിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. ഓഫിസ് മാനേജർമാരെ അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ 29 സ്ത്രീ തൊഴിലാളികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി. തങ്ങളെ ഓഫിസ് വസതിയിൽ അടച്ചുപൂട്ടി മോശമായി പെരുമാറിയെന്നും നിർബന്ധിതമായി വിവിധ തൊഴിലുകൾക്ക് അയച്ചതായും രക്ഷപ്പെടുത്തിയ തൊഴിലാളികൾ വ്യക്തമാക്കി. ഇവരെ സുരക്ഷിതമായ ഷെൽട്ടറിലേക്ക് മാറ്റി.
വിവിധ രസീതുകൾ, കരാറുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഓരോ വിസക്കും ഓഫിസ് 120 ദീനാർ ഈടാക്കിയിരുന്നതായും, തുടർന്ന് ജീവനക്കാരുടെ കരാറുകൾ സർക്കാർ ഫീസുകൾക്ക് പുറമേ 1,100 ദീനാർ മുതൽ 1,300 ദീനാർ വരെയുള്ള തുകക്ക് വീണ്ടും വിൽക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മനുഷ്യക്കടത്ത്, വിസ കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വിസ വിൽപന, തൊഴിലാളികളെ നിയമവിരുദ്ധമായി പാർപ്പിക്കൽ, തൊഴിലാളി ചൂഷണം എന്നിവയെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷത്തിലാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഗാർഹിക തൊഴിൽ വകുപ്പുമായി ഏകോപിപ്പിച്ച് സംയുക്ത സുരക്ഷാ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഒഫിസിൽ റെയ്ഡ് നടത്തുകയായിരുന്നു.
എല്ലാത്തരം ചൂഷണത്തിനും മനുഷ്യക്കടത്തിനും എതിരായ ശക്തമായ നിലപാട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവ മനുഷ്യന്റെ അന്തസ്സിനെ ദുർബലപ്പെടുത്തുകയും സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുകയും ചെയ്യുന്ന ഗുരുതര കുറ്റകൃത്യമാണെന്നും ചൂണ്ടികാട്ടി.തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.