കുവൈത്ത് സിറ്റി: രാജ്യത്ത് നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന തുടരുന്നു. ജനുവരി ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ പബ്ലിക് മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ 2,883 താമസ, തൊഴിൽ നിയമ ലംഘകരെ പിടികൂടിയതായി ആക്ടിംഗ് ഡയറക്ടർ ഡോ. മുബാറക് അൽ അസ്മി അറിയിച്ചു.
സ്പോൺസർമാർക്ക് പകരം മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികൾ, ഐഡി കാർഡ് ഇല്ലാത്തവർ തുടങ്ങി നിരവധി പേർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ 1,605 പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, കമ്പനികൾ, ഫാമുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയുള്ളവരാണ്. 1,224 ഗാർഹിക തൊഴിലാളികളും തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയവരും പിടിയിലായി.
അറസ്റ്റ് ചെയ്തവരെ രാജ്യത്ത് നിന്ന് നാടുകടത്തും. ഈ തൊഴിലാളികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസ് ഉടമകളുടെയും കമ്പനികളുടെയും പേരിൽ നടപടി ഉണ്ടാകും.
കുവൈത്തിന്റെ നിയമങ്ങൾ, ആഭ്യന്തര നിയന്ത്രണങ്ങൾ എന്നിവ പാലിക്കാത്ത രാജ്യങ്ങൾ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തടയുന്നതിനുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് അൽ അസ്മി വ്യക്തമാക്കി. തൊഴിലാളികൾ നടപടിക്രമങ്ങളും, നിയമങ്ങളും പൂർണമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘകരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പിടികൂടാൻ വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.