കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്പെക്ഷൻ ടീമിന്റെ പൊതുസ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലിചെയ്യാൻ പാടില്ലെന്ന നിരോധനാജ്ഞ ലംഘിച്ചതിന് 26 തൊഴിലാളികൾ കൂടി അറസ്റ്റിലായി. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പൊതുസ്ഥലങ്ങളിൽ തൊഴിലെടുക്കരുതെന്ന നിരോധനാജ്ഞയുള്ളത്.
ഈമാസം മൂന്നു മുതൽ 16 വരെയുള്ള കാലയളവിൽ 25 കമ്പനികളുടെ 23 സൈറ്റുകളിൽ തുടർച്ചയായി നിയമലംഘനം നടന്നതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തി.
ഉച്ചസമയത്ത് നേരിട്ട് ചൂടേൽക്കുമെന്നതിനാലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നും തൊഴിലാളികളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിനുമായി ഉച്ചജോലി നിരോധനം പാലിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്പെക്ഷൻ ടീം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു.
ഈവർഷം ഇതുവരെ 200 ഓളം പേർ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. അതിനിടെ കഴിഞ്ഞവർഷങ്ങളേക്കാൾ ഇത്തവണ നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്പെക്ഷൻ ടീം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.