മലയാളിയുടെ കാര്‍ മോഷണം: ഒരാഴ്ചക്ക്ശേഷം പാകിസ്താനിയുടെ ഗാരേജില്‍ കണ്ടത്തെി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനമോഷണ റാക്കറ്റ് സജീവം. സമീപകാലത്തായി മലയാളികളടക്കം നിരവധി വിദേശികളുടെ വാഹനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞയാഴ്ച ഓഫിസിന് സമീപത്തെ പാര്‍ക്കിങ്ങില്‍നിന്ന് മോഷണം പോയ മലയാളിയുടെ കാര്‍ പാകിസ്താന്‍കാരന്‍െറ ഗാരേജിലാണ് കണ്ടത്തെിയത്. ആസൂത്രിതമായി ആദ്യം താക്കോല്‍ മോഷ്ടിക്കുകയും മാസങ്ങള്‍ക്കുശേഷം അതുപോയോഗിച്ച് വാഹനം കടത്തുകയുമെന്ന രീതിയാണ് മോഷ്ടാക്കള്‍ അവലംബിച്ചത്. ഉടമയുടെ സമയോചിതമായ ഇടപെടലാണ് വാഹനം തിരിച്ചുകിട്ടാന്‍ ഇടയാക്കിയത്. സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി ജോഷിയുടെ ഫോര്‍ച്യൂണര്‍ ഈമാസം എട്ടിനാണ് മോഷണം പോയത്. അല്‍റായിയില്‍ ഓഫിസിനടുത്തുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഉച്ചക്ക് രണ്ടുമണി വരെ അവിടെയുണ്ടായിരുന്ന കാര്‍ വൈകീട്ട് ഓഫിസ് വിട്ടിറങ്ങിയപ്പോള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കി. പിന്നീട് പാര്‍ക്കിങ്ങിന് സമീപമുള്ള കമ്പനിയുടെ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കാറില്‍ എത്തിയ രണ്ടുപേരില്‍ ഒരാള്‍ ജോഷിയുടെ വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. 
ഡിസംബറില്‍ വാഹനത്തിന്‍െറ താക്കോല്‍ നഷ്ടമായിരുന്നു. ബിസിനസ് കാര്യങ്ങള്‍ക്കായി ഓഫിസില്‍ വരാറുള്ള പാകിസ്താന്‍കാരന്‍ എടുത്തതായി സംശയമുണ്ടായിരുന്നുവെങ്കിലും അയാള്‍ നിഷേധിച്ചിരുന്നു. ഇയാള്‍ തന്നെയാണ് മോഷ്ടാവെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളാണ് കാമറയില്‍നിന്ന് ലഭിച്ചത്. തുടര്‍ന്ന്, പൊലീസിന്‍െറ സഹായത്തോടെ പാകിസ്താന്‍കാരന്‍െറ ഗാരേജ് പരിശോധിച്ചതോടെ ഫോര്‍ച്യൂണര്‍ അവിടെനിന്ന് കണ്ടത്തെുകയായിരുന്നു. താക്കോല്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ സംശയിച്ചതിനാലാവാം ഇത്ര ദിവസമായിട്ടും വാഹനം മോഷ്ടാക്കള്‍ മറിച്ചുവില്‍ക്കുകയോ കേടുവരുത്തുകയോ ചെയ്യാതെ സൂക്ഷിച്ചതെന്ന് ജോഷി പറഞ്ഞു. 
ഇത്തരം വാഹന മോഷണ റാക്കറ്റ് രാജ്യത്ത് സജീവമാണെന്നും മലയാളികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.