രാജ്യത്ത് നാലുലക്ഷം  പ്രമേഹരോഗികള്‍

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ഗണ്യമായി കൂടിയതായി വെളിപ്പെടുത്തല്‍. 
നിലവിലെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യനിവാസികളില്‍ നാലുലക്ഷം പേര്‍ പ്രമേഹരോഗികളാണത്രെ. 
ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദിയുടെ കാര്‍മികത്വത്തില്‍ അവന്യൂസ് മാളില്‍ സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ അമീരി ആശുപത്രിയിലെ പ്രമേഹരോഗ വിദഗ്ധന്‍ ഡോ. അബ്ദുന്നബി അല്‍അത്താറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ ലോകരാജ്യങ്ങളെ താരതമ്യം ചെയ്ത് തയാറാക്കിയ പട്ടികയില്‍ കുവൈത്തുള്‍പ്പെടെ ജി.സി.സി രാജ്യങ്ങളാണ് പട്ടികയിലെ ആദ്യത്തെ 10 സ്ഥാനങ്ങളിലെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളുള്‍പ്പെടെ രോഗത്തിന് ചികിത്സതേടിയത്തെുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. 
ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെ തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവുമാണ് ആളുകളെ പ്രമേഹരോഗികളാക്കി മാറ്റുന്ന പ്രധാന ഘടകങ്ങള്‍. 
അനിയന്ത്രിതമായ പ്രമേഹം ഹൃദ്രോഗം, മസ്തിഷ്കാഘാതം, അന്ധത, വൃക്കരോഗങ്ങള്‍ എന്നിവക്ക് ഹേതുവാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. 
പ്രമേഹം, ബ്ളഡ് പ്രഷര്‍, കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവയുടെ തോത് ക്രമാനുസൃതമായി നിലനിര്‍ത്തുന്നതിനുവേണ്ട പരിശോധനകള്‍ക്ക് സ്വദേശികളും വിദേശികളുമുള്‍പ്പെടെ തയാറാകണമെന്ന് ഡോ. അബ്ദുന്നബി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.