വധശിക്ഷാ നിയമം മരവിപ്പിക്കാനുള്ള പദ്ധതി അപകടകരം –ആഭ്യന്തരമന്ത്രി

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന നിലവിലെ രീതിക്കെതിരെ ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര മുറവിളികളെ യോജിച്ച് നേരിടണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് ആവശ്യപ്പെട്ടു. തുനീഷ്യന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കുന്ന 33ാമത് അറബ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
ഭീകരവാദ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കുറ്റകൃത്യങ്ങളും അറബ് രാജ്യങ്ങളില്‍ ഏറെ വെല്ലുവിളികളുയര്‍ത്തുന്ന സാഹചര്യമാണുള്ളത്. മയക്കുമരുന്ന് കടത്തും വില്‍പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ തോത് മേഖലയില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് മുന്നോട്ടുകുതിക്കുകയാണ്. വന്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണെന്ന് കണ്ടത്തെുന്നവരെ വധശിക്ഷക്ക് വിധേയമാക്കാനുള്ള നിയമം ഉള്ളപ്പോള്‍ തന്നെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വീണ്ടും വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ മരവിപ്പിച്ചാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവരുന്ന മുറവിളികളെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി ചോദിച്ചു. മയക്കുമരുന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും മയക്കുമരുന്ന് പ്രതികള്‍ക്കെതിരെ ചില രാജ്യങ്ങള്‍ നടപ്പാക്കുന്ന വധശിക്ഷയില്‍ ഭേദഗതി ആവശ്യപ്പെട്ടും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വിയനയില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. മയക്കുമരുന്നു കുറ്റകൃത്യങ്ങളെ ലാഘവത്തോടെ കാണാനുള്ള ശ്രമങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ചില രാജ്യങ്ങള്‍ നടത്തുന്നത്. 
മയക്കുമരുന്ന് ഉപയോഗംപോലുള്ള സംഗതികള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍വരുന്ന നിസ്സാര കാര്യങ്ങളെന്ന ചിന്തയില്‍നിന്നാണ് ഇത്തരം മുറവിളികള്‍ ഉയരുന്നത്. എന്നാല്‍, പ്രത്യേക വിശ്വാസസംഹിതയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന മേഖലയാണ് അറബ് രാജ്യങ്ങള്‍. അതിനാല്‍തന്നെ, പുതിയ നീക്കത്തിനെതിരെ യോജിച്ച നീക്കം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അറബ് മേഖലയില്‍ പുതിയ ഭീഷണി ഉയര്‍ത്തുന്ന മറ്റ് രണ്ട് കാര്യങ്ങളാണ് ഭീകരവാദ സംഭവങ്ങളും ഭീകരവാദ സംഘടനകള്‍ക്കുവേണ്ടിയുള്ള ധനസമാഹരണവും. രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഏറെ അപകടത്തിലാക്കുമാറ് മേഖലയില്‍ ഭീകരവാദ സംഭവങ്ങള്‍ അപകടമണി മുഴക്കുകയാണ്. നമ്മുടെ വിഭവങ്ങളും പണവും ഉപയോഗപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ തങ്ങളുടെ ലക്ഷ്യം നടപ്പാക്കുന്നത്. ഇത് ഗൗരവമായി കണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംയുക്ത പദ്ധതികള്‍ തയാറാക്കുന്നതോടൊപ്പം അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് പൂര്‍ണമായി മരവിപ്പിക്കാനുള്ള ശ്രമം നടക്കേണ്ടതുണ്ടെന്നും മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.