ഖുറൈന്‍ രക്തസാക്ഷികളുടെ  സ്മരണയില്‍ ഒരു ദിവസം

കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍െറ സൈന്യത്തിനെതിരെ ധീരോദാത്തം പോരാടി രക്തസാക്ഷിത്വം വരിച്ച വീരയോദ്ധാക്കളെ രാജ്യം ഒരിക്കല്‍കൂടി അനുസ്മരിച്ചു. ഇറാഖ് സൈന്യത്തിന്‍െറ ആധിപത്യത്തില്‍നിന്ന് മോചിതമായതിന്‍െറ രജതജൂബിലി രാജ്യം ആഘോഷിക്കുമ്പോള്‍ അധിനിവേശത്തിനിടയില്‍ ദേശത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും നാട് ഓര്‍ക്കുകയാണ്. അതില്‍ കുവൈത്തിന്‍െറ ചരിത്രത്തില്‍നിന്ന് ഒരിക്കലും അറുത്തുമാറ്റാന്‍ പറ്റാത്ത നാമമാണ് ഖുറൈന്‍ രക്തസാക്ഷികളുടേത്. 25 വര്‍ഷം മുമ്പാണത് സംഭവിച്ചത്. കുവൈത്തില്‍ അധിനിവേശം നടത്തിയ ഇറാഖി സൈന്യം പിന്മാറുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1991 ഫെബ്രുവരി 24ന്. അന്നാണ് അല്‍മെസ്സില സംഘം എന്ന് പേരു സ്വീകരിച്ച 19 അംഗ കുവൈത്തി പോരാളി സംഘം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത്. 10 മണിക്കൂറിലേറെ നീണ്ട ചെറുത്തുനില്‍പിനൊടുവില്‍ അവരില്‍ 12 പേര്‍ രക്തസാക്ഷികളാവുകയും ചെയ്തു. 
ഖുറൈന്‍ രക്തസാക്ഷികള്‍ എന്നറിയപ്പെടുന്ന ഇവരുടെ സ്മരണയില്‍ സ്ഥാപിച്ച അല്‍ഖുറൈന്‍ മ്യൂസിയത്തില്‍ സ്മരണകളിരമ്പുന്ന മനസ്സുമായി രക്തസാക്ഷികളുടെ മക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള അര്‍ഹിച്ച ആദരാഞ്ജലിയായി. ഒരു വീട്ടില്‍ തമ്പടിച്ചായിരുന്നു ഈ ചെറുസംഘം ഇറാഖി സൈന്യത്തിനെതിരെ പോരാടിയത്. അധിനിവേശകാലത്ത് രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും രൂപംകൊണ്ട ചെറുസംഘങ്ങളില്‍ ഒന്നായിരുന്നു ഇത്. ആരുടെയും നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ രാജ്യസ്നേഹം മാത്രം കൈമുതലാക്കി ഒത്തുകൂടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍. ഇറാഖി സൈന്യം ഉപേക്ഷിച്ചുപോയതും മറ്റുമായി കുറച്ച് മെഷീന്‍ഗണ്ണുകളും വലിയ ശക്തിയില്ലാത്ത ബോംബുകളും മാത്രമായിരുന്നു ഇവരുടെ സമ്പാദ്യം. ഒറ്റപ്പെടുന്ന ഇറാഖി സൈനികരെ ആക്രമിച്ചും ഇറാഖ് ട്രക്കുകള്‍ക്കടിയില്‍ ബോംബ് വെച്ചും പൊരുതിയ ഇവര്‍ ഖുറൈനിലെ ബദര്‍ നാസര്‍ അല്‍അയ്ദാന്‍െറ വീടാണ് താവളമാക്കിയത്. ഇവിടെനിന്ന് ആസൂത്രണംചെയ്ത് ചെറുസംഘങ്ങളായി ഇറാഖി സൈനികരെ ആക്രമിക്കാന്‍ ഇറങ്ങാറായിരുന്നു പതിവ്. സംഭവദിവസം വീടിന് സമീപമത്തെിയ ഇറാഖി സൈനികരുടെ പട്രോളിങ് സംഘം വീടിന്‍െറ വാതിലിന് മുട്ടി. പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ആക്രമണവും തുടങ്ങി. 
രണ്ടു ടാങ്കുകളില്‍നിന്നായി കനത്ത ആക്രമണം. എന്നാല്‍, മനോധൈര്യം വിടാതെ കുവൈത്തി സംഘം ചെറുത്തുനിന്നു. രാവിലെ എട്ടിന് ആക്രമണം തുടങ്ങിയ ഇറാഖി സംഘത്തിന് വീടിനകത്ത് കടക്കാനായത് വൈകീട്ട് ആറുമണിക്ക്. ഇതിനിടെ മൂന്നുപേര്‍ രക്തസാക്ഷികളായി. ഇറാഖിസൈന്യം പിടികൂടിയ ഒമ്പതുപേരെ പീഡിപ്പിച്ചുകൊന്നു. മൂന്നുപേര്‍ ഏറെ നേരത്തെ ചെറുത്തുനില്‍പിനുശേഷം അയല്‍വീടുകളിലേക്ക് രക്ഷപ്പെട്ടപ്പോള്‍ നാലുപേര്‍ ഇരുട്ടിന്‍െറ മറവില്‍ വീട്ടിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് ജീവന്‍കാത്തു. വീട്ടുടമ കൂടിയായ ബദര്‍ നാസര്‍ അല്‍അയ്ദാന്‍, യൂസുഫ് ഖദീര്‍ യൂസുഫ് അലി, ഇബ്രാഹീം അല്‍സഫര്‍, ജാസിം മുഹമ്മദ് അലൂം, ഹുസൈന്‍ അലി റദാ അലൂം, ഖാലിദ് അഹ്മദ് അല്‍കന്ദരി, ഖലീല്‍ ഖൈറുല്ല അല്‍ബലൂഷി, സൈദ് ഹാദി സൈദ് അലാവി, ആമിര്‍ ഫറജ് അല്‍ഇന്‍സി, അബ്ദുല്ല അബ്ദുന്നബി മുഹമ്മദ്, മുബാറക് അലി സഫര്‍, മുഹമ്മദ് ഉസ്മാന്‍ ഷായിഹ് എന്നിവരാണ് രക്തസാക്ഷികളായത്. ഇവരുടെയെല്ലാം ചിത്രങ്ങള്‍ പേരുസഹിതം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ, അധിനിവേശകാലത്ത് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രക്തസാക്ഷികളായവരുടെ പടങ്ങളുമുണ്ട്. ഖുറൈനിലെ ഈ വീട് അതുപോലെതന്നെ നിലനിര്‍ത്തി മ്യൂസിയമായി സംരക്ഷിക്കുകയാണ് കുവൈത്തി അധികൃതര്‍. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍ ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) ആണ് മ്യൂസിയം സംരക്ഷിക്കുന്നത്. വര്‍ഷത്തില്‍ ശരാശരി പതിനായിരത്തോളം സന്ദര്‍ശകര്‍ മ്യൂസിയം സന്ദര്‍ശിക്കാനത്തൊറുണ്ടെന്ന് മ്യൂസിയം സെക്രട്ടറി അഹ്മദ് അല്‍തത്താന്‍ പറഞ്ഞു. 
മൂന്നു ഭാഗങ്ങളാക്കിയാണ് മ്യൂസിയം പരിപാലിക്കുന്നത്. ഒന്ന് മ്യൂസിയത്തിന്‍െറ കാര്യാലയമാണ്. ബദര്‍ അല്‍അയ്ദാന്‍ വീടായി ഉപയോഗിച്ചിരുന്ന ഭാഗമാണ് പ്രധാനമായും മ്യൂസിയമാക്കിയിരിക്കുന്നത്. മൂന്നാമത്തെ ഭാഗം ലൈബ്രറി, ഡോക്യുമെന്‍ററി വിഭാഗമാണ്. വീടിന്‍െറ അകംഭാഗം മാത്രമല്ല മ്യൂസിയം, പുറംഭാഗത്തും ചരിത്രശേഷിപ്പുകള്‍ കാണാം. ഇറാഖി സൈന്യം എത്തിയ ടാങ്കും അവര്‍ ഉപയോഗിച്ചിരുന്ന മറ്റു വാഹനങ്ങളും കുവൈത്തികളുടെ കാറുകളുമെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. 
ടാങ്ക് വീടിന്‍െറ എതിര്‍ഭാഗത്ത് ഇറാഖി സൈന്യം ഉപേക്ഷിച്ചുപോയ ഇടത്തുതന്നെയാണ് സംരക്ഷിച്ചിരിക്കുന്നത്. കാല്‍ നൂറ്റാണ്ടിനുശേഷവും രക്തസാക്ഷികളെ സ്മരിക്കാനുള്ള അവസരമായി ഖുറൈന്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച സംഗമം. വാര്‍ത്താവിനിമയ, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് ചടങ്ങിനത്തെിയിരുന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രമുഖരും സംബന്ധിച്ചു. മ്യൂസിയത്തിനുപുറത്ത് മന്ത്രി ദേശീയപതാകയുയര്‍ത്തി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.