കുളമ്പുരോഗം നിയന്ത്രണവിധേയമെന്ന്  കാര്‍ഷിക, മത്സ്യവിഭവ സംരക്ഷണ വകുപ്പ് 

കുവൈത്ത് സിറ്റി: രാജ്യത്ത് വളര്‍ത്തുപശുക്കളിലുണ്ടായ കുളമ്പുരോഗം നിയന്ത്രവിധേയമെന്ന് കാര്‍ഷിക, മത്സ്യവിഭവ സംരക്ഷണ വകുപ്പ് (പി.എ.എ.എഫ്.ആര്‍) ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അല്‍ഹസാവി വ്യക്തമാക്കി. രോഗം പടരുന്നത് തടയുന്നതിനാവശ്യമായ നടപടികളും മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സുലൈബിയയില്‍ കാര്‍ഷിക, മത്സ്യവിഭവ സംരക്ഷണ വകുപ്പിന് കീഴിലുള്ള ഫാമിലാണ് കഴിഞ്ഞയാഴ്ച കുളമ്പുരോഗം പടര്‍ന്നത്. 370 പശുക്കള്‍ രോഗം മൂലം ചത്തപ്പോള്‍ 2000ത്തോളം പശുക്കള്‍ അവശനിലയിലായി. 
ഫാമിലെ രണ്ടുമാസം മുതല്‍ 10 മാസം വരെ പ്രായമുള്ള പശുക്കളിലാണ് രോഗം കൂടുതലായി പടര്‍ന്നത്. ഇതേതുടര്‍ന്ന,് സുലൈബിയയിലെ ഫാമില്‍നിന്ന് പശുക്കളെ പുറത്തേക്കുകൊണ്ടുപോകുന്നതിനും  കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി പൊലീസിനാണ് ഇതിന്‍െറ ചുമതല. മുഴുവന്‍ സമയവും പരിസ്ഥിതി പൊലീസിന്‍െറ നേതൃത്വത്തില്‍ സ്ഥലത്ത് പട്രോളിങ് നടത്തുന്നുണ്ട്. അതേസമയം, ഫാമിലെ ഒരു ഭാഗത്തുമാത്രമാണ് രോഗം പടര്‍ന്നതെന്നും പകുതിയിലധികം വരുന്ന മറ്റുഭാഗങ്ങളിലേക്ക് അവ ബാധിക്കാതെ തടയാനായിട്ടുണ്ടെന്നും ഫൈസല്‍ അല്‍ഹസാവി പറഞ്ഞു. ഇതിനായി പി.എ.എ.എഫ്.ആര്‍, പരിസ്ഥിതി പൊലീസ്, ഫ്രഷ് ഡെയറി പ്രൊഡ്യൂസേഴ്സ് യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്്. 
പാല്‍ കറക്കാന്‍ മാത്രം പ്രായമായിട്ടില്ലാത്ത, പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത പശുക്കള്‍ക്കാണ് രോഗം ബാധിച്ചത് എന്നതിനാല്‍ ഇവിടെനിന്നുള്ള പാലുല്‍പന്നങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്ത സുലൈബിയ ഫാമില്‍ കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി അലി അല്‍ഉമൈര്‍ സന്ദര്‍ശനം നടത്തിയിരുന്നു. 
രോഗം പടരാതിരിക്കാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ അദ്ദേഹം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. പി.എ.എ.എഫ്.ആര്‍ ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അല്‍ഹസാവി, ലൈവ്സ്റ്റോക് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍കന്ദരി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി
രുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.