കുവൈത്തില്‍ ടാക്സി, ബസ് നിരക്ക് വര്‍ധിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്, ടാക്സി നിരക്ക് കൂട്ടി ഉത്തരവായി. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ആണ് ചൊവ്വാഴ്ച വൈകീട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്പെഷല്‍ ടാക്സികള്‍ക്ക് മിനിമം ചാര്‍ജ് 500 ഫില്‍സ് ആണ്. 
പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫില്‍സ് ആവും. കാത്തുനില്‍ക്കുന്നതിന് ഒരു മിനിറ്റിന് 50 ഫില്‍സ് നല്‍കണം. അവിചാരിതമായി നിര്‍ത്തേണ്ടി വരുന്നത് ഇതില്‍ പെടില്ല.
 എയര്‍പോര്‍ട്ടിലേക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്കുള്ള നിരക്കുകള്‍ മന്ത്രാലയം പട്ടികയായി പുറത്തിറക്കിയിട്ടുണ്ട്. റോമിങ് ടാക്സികള്‍ക്കു 350  മിനിമം ചാര്‍ജ്. 
പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫില്‍സു നല്‍കണം . 40 ഫില്‍സാണു റോമിങ് ടാക്സികളുടെ വെയ്റ്റിങ് ചാര്‍ജ്ജ്.
കാള്‍ ടാക്സിക്ക് മിനിമം നിരക്ക് 600 ഫില്‍സ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ഫില്‍സ് നല്‍കണം. കാത്തിരിപ്പിന് ഓരോ മിനിറ്റിനും 70 ഫില്‍സ് ആണ്. ഇന്ധന വിലവര്‍ധനവ് സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ ചെലവ് കൂടുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ ആശ്വാസമാവും. 
എന്നാല്‍, ചെറിയ വരുമാനക്കാരായ യാത്രക്കാര്‍ക്ക് ഇത് തിരിച്ചടിയാണ്. അതേസമയം, കൃത്യമായ നിരക്ക് നിശ്ചയിച്ചല്ല നിലവില്‍ ടാക്സിയോട്ടം. ആളുകള്‍ വിലപേശി തുകയുറപ്പിച്ചാണ് ടാക്സി വിളിക്കുന്നത്. ഇതനുസരിച്ച് മിനിമം 750 ഫില്‍സ് മുതല്‍ ഒരു ദീനാര്‍ വരെ ഈടാക്കുന്നു. ഇത് ഇപ്പോള്‍ പുതുക്കിനിശ്ചയിച്ച നിരക്കിനേക്കാള്‍ അധികമാണ്. ഒരു സ്റ്റേജിന് 150 ഫില്‍സ് ആണ് പുതിയ നിരക്കനുസരിച്ച്് ബസ് ചാര്‍ജ്. കുവൈത്ത് സിറ്റിയില്‍നിന്ന് മൂന്നാം റിങ് റോഡിന് സമീപത്തേക്കും തിരിച്ചും 200 ഫില്‍സാണ് പുതിയ നിരക്ക്. 
സിറ്റിയില്‍നിന്ന് നാലാം റിങ് റോഡ് പരിധിയിലെ താമസസ്ഥലങ്ങളിലേക്ക് 250 ഫില്‍സ്, അഞ്ചാം റിങ് റോഡ് പരിധിയിലേക്ക് 300 ഫില്‍സ്, ആറാം റിങ് ഭാഗത്തേക്ക് 350 ഫില്‍സ്, അഹ്മദി ഫഹാഹീല്‍ ഭാഗത്തേക്ക് 600 ഫില്‍സ്, ഫിന്‍ദാസ് ഭാഗത്തേക്ക് 500 ഫില്‍സ്, ജഹ്റ ഭാഗത്തേക്ക് 600 ഫില്‍സ്്, അബ്ദലി, സാല്‍മി, നുവൈസിബ് ഭാഗത്തേക്ക് രണ്ടര ദീനാര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.