കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്‍റ് ഏകസ്വരത്തില്‍ അംഗീകരിച്ച ഗാര്‍ഹിക തൊഴിലാളി നിയമം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
പിരിഞ്ഞുപോരുമ്പോള്‍ സര്‍വിസ് കാലത്തെ ഓരോ വര്‍ഷത്തിനും ഒരുമാസത്തെ വേതനം ഉറപ്പുനല്‍കുന്നതുള്‍പ്പെടെ പ്രവാസികളായ വീട്ടുജോലിക്കാര്‍ക്ക് ആശ്വാസമാവുന്ന ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 68/2015 നമ്പറിലുള്ള പുതിയ നിയമമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍
അല്‍ ജറാഹ് വകുപ്പ് ആസ്ഥാനത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15 വര്‍ഷം മുമ്പ് പരിഷ്കരിച്ച നിയമത്തിനാണ് ഭേദഗതി വരുത്തിയത്. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും അന്തര്‍ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുമുള്ളതാണ്.
മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താനും മനുഷ്യക്കടത്ത് തടയാനും ലക്ഷ്യം വെക്കുന്ന നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഊന്നിപ്പറയുന്നു.
തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ എംബസിയെ സമീപിച്ച് പരാതി നല്‍കുന്നത് രാജ്യങ്ങള്‍ തമ്മിലെ ബന്ധങ്ങളെതന്നെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂട്ടിക്കാട്ടി.
കാര്യങ്ങള്‍ സങ്കീര്‍ണമാവാതെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷപാതിത്വമില്ലാതെ എല്ലാവര്‍ക്കും നീതി ഉറപ്പവരുത്തുന്നതാണ് പുതിയ നിയമമെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ റെസിഡന്‍സി കാര്യ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി, വാര്‍ത്താവിതരണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആദില്‍ അഹ്മദ് അല്‍ ഹശാശ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.