രാജ്യത്ത് മൊബൈല്‍ ലോട്ടറി തട്ടിപ്പ്  വ്യാപകമാകുന്നതായി പരാതി

കുവൈത്ത് സിറ്റി: മൊബൈല്‍ നമ്പറില്‍ വിളിച്ച് വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള തട്ടിപ്പ് രാജ്യത്ത് വ്യാപകമാകുന്നതായി പരാതി. മുന്‍കാലങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ഇ-മെയില്‍, എസ്.എം.എസ് തട്ടിപ്പുകള്‍ക്ക് സമാനമായ രീതിയില്‍ നടക്കുന്ന തട്ടിപ്പിന് മലയാളികളടക്കം നിരവധി പേര്‍ ഇരയായതാണ് സൂചന. കുറച്ചുകാലമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പകളെ കുറിച്ച് മുമ്പ് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊബൈല്‍ കമ്പനി ഓഫിസില്‍നിന്നാണ് വിളിക്കുന്നതെന്നും കമ്പനി വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ വിളിക്കുക. 
സമ്മാനത്തുക ഉടന്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതരാമെന്നും അതിനുവേണ്ടി ബാങ്ക് കാര്‍ഡിന്‍െറ 16 അക്ക നമ്പര്‍ നല്‍കണമെന്നും പറയും. ഇത് നല്‍കുന്നതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടനടി അപ്രത്യക്ഷമാവും. സമ്മാനത്തുകയായി ലഭിച്ചു എന്നു പറയുന്ന തുക ഒരിക്കലും അക്കൗണ്ടില്‍ എത്തുകയുമില്ല. ഉപഭോക്താവ് ബാങ്ക് കാര്‍ഡ് നമ്പര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നെ വിളിച്ചയാളെ ബന്ധപ്പെടാനാവില്ല. തിരിച്ചുവിളിച്ചാല്‍ കിട്ടാത്ത ഓണ്‍ലൈന്‍ ഫോണുകളില്‍നിന്നാണ് വിളിക്കുക. കഴിഞ്ഞദിവസം തിരൂര്‍ സ്വദേശി റഫീഖ് ബാബുവിന് ഇതുപോലെ ഫോണ്‍ കാള്‍ വന്നു. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാനായിരുന്ന അദ്ദേഹം കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ട് കാള്‍ കട്ട് ചെയ്യുകയായിരുന്നു. സൈന്‍ കമ്പനിയില്‍നിന്നാണ് വിളിക്കുന്നതെന്നും താങ്കള്‍ക്ക് കമ്പനി നടത്തിയ നറുക്കെടുപ്പില്‍ 50,000 ദീനാര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നും പറഞ്ഞായിരുന്നു കാള്‍.
അക്കൗണ്ട് നമ്പറും ബാങ്ക് കാര്‍ഡിലെ 16 അക്ക നമ്പറും തന്നാല്‍ ഉടന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അക്കൗണ്ട് നമ്പര്‍ പോരേ, ബാങ്ക് കാര്‍ഡ് നമ്പര്‍ എന്തിനാണെന്നു ചോദിച്ചപ്പോള്‍ ചില കാര്യങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നായിരുന്നു മറുപടി. 9238955439 എന്ന നമ്പറില്‍നിന്ന് വിളിച്ചയാള്‍ പേര് അലി ഹസന്‍ എന്നാണെന്നും സൈന്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആണെന്നുമാണ് പറഞ്ഞത്. ഏതായാലും തന്‍െറ സമ്മാനത്തുക സൈന്‍ ഓഫിസില്‍ വന്ന് വാങ്ങിക്കോളാം എന്ന് റഫീഖ് ബാബു പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ട് ഫോണ്‍ കട്ടാക്കുകയാണ് വിളിച്ചയാള്‍ ചെയ്തത്. നേരത്തേ, ഫോണിന്‍െറ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ കൃത്യമായി പറഞ്ഞായിരുന്നു തട്ടിപ്പ് അരങ്ങേറിയിരുന്നത്. 
വിശ്വാസംവരുന്ന ഉപഭോക്താവിനോട് വലിയ തുകക്കുള്ള റീചാര്‍ജ് കൂപ്പണും വാങ്ങി ഏതെങ്കിലും ബാങ്കിന്‍െറയോ മണി എക്സ്ചേഞ്ചിന്‍െറയോ സമീപത്തത്തെിയശേഷം തന്നെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടും. അവിടെ വെച്ച് ലോട്ടറിയടിച്ച തുക നല്‍കുമെന്നായിരിക്കും വാഗ്ദാനം. ഇത് വിശ്വസിച്ച് റീചാര്‍ജ് കൂപ്പണും വാങ്ങിയത്തെുന്നവരോട് കൂപ്പണ്‍ വാങ്ങിയശേഷം ഉടന്‍ പണവുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്തിരുന്നത്. ഒരാളില്‍നിന്നുതന്നെ നിരവധി റീചാര്‍ജ് കൂപ്പണുകള്‍ ഒരുമിച്ച് വാങ്ങിപ്പിച്ച് അവ കൈക്കലാക്കി മുങ്ങിയ സംഭവങ്ങള്‍ ‘ഗള്‍ഫ് മാധ്യമം’ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഇതില്‍നിന്ന് ഒരു പടികൂടി കടന്ന് ബാങ്ക് കാര്‍ഡ് നമ്പര്‍ കൈക്കലാക്കിയുള്ള രീതിയിലേക്ക് തട്ടിപ്പുകാര്‍ മാറിയപ്പോള്‍ വന്‍തുകയാണ് ഇരകളാവുന്നവര്‍ക്ക് നഷ്ടമാവുന്നത്. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. 
തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നത് തട്ടിപ്പുകാര്‍ക്ക് തുണയാവുന്നു. അപരിചിതര്‍ക്ക് ഒരുനിലക്കും ബാങ്ക് കാര്‍ഡ് നമ്പര്‍ നല്‍കാതിരിക്കല്‍ മാത്രമാണ് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനുള്ള മാര്‍ഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.