എണ്ണമേഖല ജീവനക്കാര്‍  പണിമുടക്ക് അവസാനിപ്പിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാമ്പത്തിക സാഹചര്യം മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എണ്ണമേഖല ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് നിര്‍ത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതായി ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് വര്‍ക്കേഴ്സ് യൂനിയന്‍ പ്രഖ്യാപിച്ചത്. ഇതേതടുര്‍ന്ന് മൂന്നുദിവസമായി പണിമുടക്കിയിരുന്ന ജീവനക്കാര്‍ ഇന്നലെ ജോലിക്ക് കയറി. 
അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനോടുള്ള സ്നേഹവും ആദരവും കാരണമാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതെന്ന് യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, അമീറിന്‍െറ ഭാഗത്തുനിന്ന് പണിമുടക്ക് നിര്‍ത്തണമെന്ന ആവശ്യമുണ്ടായിട്ടില്ളെന്ന് അമീരി ദിവാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പണിമുടക്കുമായി ബന്ധപ്പെട്ട് അമീര്‍ ഒരുനിലക്കും ജീവനക്കാരുമായോ യൂനിയനുമായോബന്ധപ്പെട്ടിട്ടില്ല. പണിമുടക്ക് നിര്‍ത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്‍െറ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണ് -അമീരി ദീവാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേര്‍ക്കുനേര്‍ പറയുന്നില്ളെങ്കിലും അമീര്‍ പണിമുടക്ക് നിര്‍ത്താന്‍ നിര്‍ദേശിച്ചു എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള യൂനിയന്‍െറ വാര്‍ത്താക്കുറിപ്പിലെ വാചകങ്ങളാണ് അമീരി ദീവാന്‍െറ നിഷേധക്കുറിപ്പിന് കാരണം. എണ്ണമേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ അമീറിനെ വിശ്വസിക്കുന്നതായും പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ളെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എണ്ണമേഖല ജീവനക്കാര്‍ ഞായറാഴ്ചയാണ് സമരം തുടങ്ങിയത്. വിവിധ തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പണിമുടക്കില്‍ സ്വദേശി ജീവനക്കാര്‍ മുഴുവന്‍ പങ്കെടുത്തിരുന്നു. പണിമുടക്ക് രാജ്യത്തെ എണ്ണയുല്‍പാദനത്തെ ബാധിച്ചിട്ടില്ളെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിരുന്നു. 
പ്രതിദിനം ശരാശരി 30 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിച്ചിരുന്നത് പകുതിയോളം കുറഞ്ഞു. ശുദ്ധീകരിച്ച് കയറ്റിയയക്കുന്ന എണ്ണയുടെ തോതിലും കുറവുണ്ടായി. ഇതേതടുര്‍ന്ന് പണിമുടക്ക് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് യൂനിയന്‍െറമേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു. യൂനിയന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഏറക്കുറെ പരിഗണിക്കാന്‍ തയാറാണെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ എണ്ണമേഖലയിലെ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) അടുത്തിടെ തീരുമാനിച്ചിരുന്നു. ‘സ്ട്രാറ്റജിക് ആള്‍ട്ടര്‍നേറ്റിവ് ലോ’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാല്‍ എണ്ണമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി കുറയും. ഇതര മേഖലകളെ അപേക്ഷിച്ച് രാജ്യത്ത് എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ സേവന, വേതന ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മറ്റു ജോലികളെ അപേക്ഷിച്ച് തൊഴിലാളിയുടെ ജീവനും ആരോഗ്യസുരക്ഷക്കും ഏറെ ഭീഷണിനേരിടുന്നത് എണ്ണമേഖലയിലാണ്. അതിനാല്‍, 1979 മുതല്‍ നിയമപരമായി തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അവകാശങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളിലും കുറവുവരുത്താനുള്ള തീരുമാനങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടുമായാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്. 
അതേസമയം, പണിമുടക്ക് അവസാനിച്ചെങ്കിലും എണ്ണയുല്‍പാദനവും കയറ്റുമതിയും പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലുമെടുക്കുമെന്ന് കെ.പി.സി വക്താവ് ശൈഖ് തലാല്‍ അല്‍ഖാലിദ് അസ്സബാഹ് വ്യക്തമാക്കി. പണിമുടക്ക് ഘട്ടത്തില്‍ മേഖലയുടെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ സഹായിച്ച വിരമിച്ച ജീവനക്കാരെയും വളന്‍റിയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.