രാജ്യനിവാസികളില്‍  10 ശതമാനവും പ്രമേഹരോഗികള്‍

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികളില്‍ 10 ശതമാനം പേരും ജീവിതശൈലീരോഗമായ പ്രമേഹത്തിന് അടിപ്പെട്ടവരാണെന്ന് വെളിപ്പെടുത്തല്‍. ലോക പ്രമേഹ ദിനാചരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ സമാപനത്തില്‍ സംസാരിക്കവെ ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ സേവനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ.  മുഹമ്മദ് അല്‍ഖശ്ത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി കഴിഞ്ഞാല്‍ ജി.സി.സി രാജ്യങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലും അതുമൂലമുള്ള മരണങ്ങളുടെ കാര്യത്തിലും കുവൈത്താണ് മുന്നില്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജി.സി.സി രാജ്യങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 20 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായും വൈകാതെ ഇത് 22 ശതമാനമായി ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹൃദ്രോഗവും രക്തസമ്മര്‍ദവുമുള്ളവരെ മരണത്തിലേക്ക് നയിക്കുന്നതിന് പ്രധാനകാരണം പ്രമേഹമാണ്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം അടുത്ത 10 വര്‍ഷത്തിനിടെ ലോകത്തെ 50 ശതമാനം മരണങ്ങളുടെയും പ്രധാനകാരണം പ്രമേഹമാകാനിടയുണ്ട്. ആരോഗ്യപൂര്‍ണമായ ഭക്ഷണക്രമീകരണങ്ങളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹത്തെ അതിജയിക്കാന്‍ സാധിക്കുമെന്നും ഡോ. മുഹമ്മദ് അല്‍ഖശ്ത്തി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.