യൂറോഫൈറ്റര്‍ യുദ്ധവിമാനം: അനിശ്ചിതത്വത്തിന് വിരാമമിട്ട്  കുവൈത്തും ഇറ്റലിയും കരാര്‍ ഒപ്പിട്ടു

കുവൈത്ത് സിറ്റി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് വ്യോമ ശക്തി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി യൂറോഫൈറ്റര്‍ വാങ്ങുന്ന കരാറില്‍ കുവൈത്തും ഇറ്റലിയും ഒപ്പുവെച്ചു. കുവൈത്ത് സൈനിക ക്ളബ് ആസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹിന്‍െറയും ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി റോബര്‍ട്ടാ ബിന്‍ഡോവിന്‍െറയും സാന്നിധ്യത്തിലാണ് യൂറോഫൈറ്റര്‍ കമ്പനി അധികൃതരുമായി ഒപ്പുവെക്കല്‍ നടന്നത്. അത്യാധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള 28 യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ കുവൈത്തിന് നിര്‍മിച്ചുനല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍. ആദ്യഘട്ടമായി രണ്ട് ഫൈറ്റര്‍ വിമാനങ്ങള്‍ 2019 ഓടെ കുവൈത്തിലത്തെുമെന്ന് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തവെ വിദേശകാര്യമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ പറഞ്ഞു. 2022ഓടെ ബാക്കിയുള്ള മുഴുവന്‍ യൂറോഫൈറ്റര്‍ വിമാനങ്ങളും കുവൈത്തിലത്തെും. 
രാജ്യത്തിന്‍െറ വ്യോമയാന മേഖലയെ ബലപ്പെടുത്തിക്കൊണ്ട് 2050 വരെ തുടരാന്‍ ഈ വിമാനങ്ങള്‍ക്ക് കരുത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ ലോകതലത്തില്‍ പേരുകേട്ട ഇറ്റലിയിലെ ഫൈന്‍ മെക്കാനിക്കാ കമ്പനിയാണ് കരാറടിസ്ഥാനത്തില്‍ കുവൈത്തിന് ഫൈറ്റര്‍ വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത്. ഈ രംഗത്ത് യൂറോപ്പില്‍ അറിയപ്പെട്ട മൂന്നു പ്രധാന കമ്പനികളുടെ സഹകരണത്തോടെ ഇറ്റലിക്ക് പുറമെ ബ്രിട്ടന്‍, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ വെച്ചാണ് കുവൈത്തിന് ആവശ്യമായ വിമാനങ്ങള്‍ നിര്‍മിക്കുകയെന്ന് ഫൈന്‍മെക്കാനിക്ക കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ മൗറോ മൊറൈത്തി വ്യക്തമാക്കി. നിര്‍ദിഷ്ട യൂറോഫൈറ്റര്‍ വിമാനങ്ങള്‍ എത്തുന്നതോടെ പുതിയ ഏതു വെല്ലുവിളികളെയും നേരിടാന്‍ രാജ്യത്തിന്‍െറ വ്യോമയാന വിഭാഗത്തിന് സാധ്യമാകുമെന്ന് പ്രധിരോധമന്ത്രാലയം സൂചിപ്പിച്ചു. 
ഒരേസമയം  മധ്യ-ദീര്‍ഘദൂര ലക്ഷ്യങ്ങളിലേക്ക് ഈ ഫൈറ്റര്‍ വിമാനങ്ങള്‍ വഴി മിസൈലുകള്‍ തൊടുത്തുവിടാന്‍ സാധിക്കുമെന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത. ഈ ഫൈറ്റര്‍ വിമാനങ്ങളിലെ വൈമാനികര്‍ക്കും ടെക്നീഷ്യന്മാര്‍ക്കുമുള്ള പരിശീലനവും വ്യവസ്ഥപ്രകാരം കരാറിലേര്‍പ്പെട്ട കമ്പനിതന്നെ നല്‍കും. പ്രതിരോധ മന്ത്രാലയത്തിലെയും വിവിധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.