വിദേശ തൊഴിലാളികളുടെ പ്രശ്നപരിഹാരം: മാന്‍പവര്‍ അതോറിറ്റിക്ക് കീഴില്‍  പ്രത്യേക നാണയനിധി

കുവൈത്ത് സിറ്റി: തൊഴില്‍ മന്ത്രാലയത്തിന്‍െറ ഭാഗമായ മാന്‍പവര്‍ അതോറിറ്റിക്ക് കീഴില്‍ പ്രത്യേക നാണയനിധി സ്ഥാപിക്കുന്നു. അതോറിറ്റിയുടെ ഒൗദ്യോഗികവക്താവും പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയുമായ അസീല്‍ അല്‍മസീദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
നിലവില്‍ സാമൂഹിക-തൊഴില്‍കാര്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാണയനിധിയെ മാന്‍പവര്‍ അതോറിറ്റിയുടെ കീഴിലേക്ക് മാറ്റുകയാണ് ചെയ്യുക. നേരത്തേ, സ്വദേശികള്‍ക്ക് തൊഴില്‍പരമായ പരിശീലനവും മറ്റും നല്‍കുന്നതിനുവേണ്ട പണം ലഭ്യമാക്കുന്നതിനുവേണ്ടിമാത്രമായിരുന്നു ഇതിനെ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ വിദേശികള്‍ക്കുകൂടി ഉപകാരപ്രദമാവുന്ന തരത്തിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുക. ഇതുസംബന്ധിച്ച് സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീഹ് ഉത്തരവ് ഇറക്കിയതായും നാണയനിധി മാന്‍പവര്‍ അതോറിറ്റിയിലേക്ക് മാറ്റുന്ന നടപടി ഉടന്‍ ഉണ്ടാകുമെന്നും അസീല്‍ അല്‍ മസീദ് പറഞ്ഞു. 
രാജ്യത്ത് സ്പോണ്‍സര്‍മാരില്‍നിന്നും കമ്പനികളില്‍നിന്നും തൊഴില്‍ പീഡനങ്ങളനുഭവിക്കേണ്ടിവരുന്ന വിദേശ തൊഴിലാളികള്‍ക്ക് സാമ്പത്തികവും നിയപരവുമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് ഈ നിധിയെ ഉപയോഗപ്പെടുത്താമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. സര്‍ക്കാറിന് പുറമെ രാജ്യത്തിനകത്തെ ഉദാരമനസ്കരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സ്വരൂപിക്കുന്ന സംഭാവനകളും സഹായങ്ങളുമാണ് നാണയ നിധിയുടെ വരുമാനം. കൃത്യവും കാര്യക്ഷമവുമായി നിധിയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും നിധി പ്രവര്‍ത്തിച്ചുതുടങ്ങുകയെന്ന് അസീല്‍ അല്‍ മസീദ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.