സമ്മാനമടിച്ചെന്നുപറഞ്ഞ്  തട്ടിപ്പ്: അജ്ഞാത ഫോണ്‍ വിളികളില്‍  വഞ്ചിതരാവരുതെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: താങ്കള്‍ക്ക് വന്‍ സമ്മാനം അടിച്ചിട്ടുണ്ടെന്നും അത് ലഭിക്കേണ്ടതിനായി നിശ്ചിത കാര്യങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് വരുന്ന ഫോണ്‍ വിളികളും മൊബൈല്‍ സന്ദേശങ്ങളും പരിഗണിക്കാതെ വിടുകയാണ് വേണ്ടതെന്ന് അധികൃതര്‍. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന എല്ലാ അജ്ഞാത നമ്പറുകളും സ്വീകരിക്കുന്നതും അവക്ക് അനുകൂല മറുപടി നല്‍കുന്നതും തിരിച്ചുവിളിക്കുന്നതും അപകടത്തിന് വഴിയൊരുക്കും. വിലകൂടിയ വാഹനങ്ങള്‍, ആഭരണങ്ങള്‍, ലാപ്ടോപുകള്‍, ആഡംബര മൊബൈലുകള്‍ തുടങ്ങിയ സാധനങ്ങള്‍ ലഭിക്കാനിടയുണ്ടെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തുനിന്നും വിദേശത്തുനിന്നും അജ്ഞാത ഫോണ്‍ നമ്പറുകളില്‍നിന്ന് സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്‍െറ പിന്നില്‍ വന്‍ തട്ടിപ്പ് സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. 
അങ്ങോട്ട് പ്രതികരിച്ചില്ളെങ്കിലും ചിലപ്പോള്‍ തുടര്‍ച്ചയായി ഇത്തരം സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കും. പ്രലോഭനത്തിനടിപ്പെട്ട് ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പോകുന്നവരെല്ലാം കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ആളുകളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കുകയാണ് സംഘത്തിന്‍െറ ലക്ഷ്യം. 
അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരുടെ സംഘമാണ് ഇത്തരം തട്ടിപ്പുകളുടെ പിന്നിലെന്ന് തിരിച്ചറിഞ്ഞ് ജാഗ്രതയോടെയിരിക്കണമെന്ന്  മന്ത്രാലയ വൃത്തങ്ങള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.