സന്ദര്‍ശക, വിനോദസഞ്ചാര വിസ ഫീസുകളില്‍ വന്‍ വര്‍ധന വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക, വിനോദസഞ്ചാര വിസകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നു. വന്‍ ഫീസ് വര്‍ധന നിലവില്‍ വരുത്തുന്നതിനുള്ള ശിപാര്‍ശയാണ് താമസ കുടിയേറ്റ വിഭാഗം നല്‍കിയിരിക്കുന്നത്.
തങ്ങള്‍ നല്‍കിയ നിര്‍ദേശം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സ്വബാഹ് അല്‍ഹമദ് അസ്സ്വബാഹ്  അംഗീകരിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസന്‍ അല്‍ജറ അസ്സ്വബാഹ് പറഞ്ഞു.
സന്ദര്‍ശക വിസ, വിനോദസഞ്ചാര വിസ, കുടുംബ വിസ, കുട്ടികളുടെ വിസ തുടങ്ങിയവക്കാണ് ഫീസ് വര്‍ധിക്കുക. ഫീസ് വര്‍ധന ശിപാര്‍ശ പരിശോധിക്കാനും നടപ്പാക്കാനും നിയമ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
നിലവില്‍ കുവൈത്തില്‍ സന്ദര്‍ശക വിസ സൗജന്യമാണ്. മൂന്നു ദീനാറിന്‍െറ സ്റ്റാമ്പ് പതിക്കുന്നത് മാത്രമാണ് ചെലവ്. മൂന്നുമാസത്തെ വിനോദസഞ്ചാര വിസക്കും നിലവില്‍ മൂന്നു ദീനാറിന്‍െറ സ്റ്റാമ്പ് എടുത്താല്‍ മതിയായിരുന്നു. ഈ ഫീസുകളിലാണ് വന്‍ വര്‍ധന വരുന്നത്. ഒരു മാസത്തെ സന്ദര്‍ശക വിസക്ക് 30 ദീനാര്‍ ഫീസ് ഈടാക്കുന്നതിനാണ് ശിപാര്‍ശ. 90 ദിവസത്തെ വിനോദസഞ്ചാര വിസക്ക് 90 ദീനാറാവും.
കുടുംബ വിസകളുടെ ഫീസ് നിരക്ക് 100ല്‍നിന്ന് 150 ദീനാറായി ഉയര്‍ത്തും. അതേസമയം, സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള കുടുംബ വിസകളുടെ ഫീസ് 200ല്‍നിന്ന് 400 ദീനാറായി ഉയര്‍ത്തും. വര്‍ഷങ്ങള്‍ക്കു മുമ്പാണ് നിലവിലെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചതെന്നും കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇതിന് മാറ്റം വരുത്തിയിട്ടില്ളെന്നും മേജര്‍ ജനറല്‍ ശൈഖ് മാസന്‍ പറഞ്ഞു.
കുറഞ്ഞ ഫീസ് മാത്രം ചെലവാക്കി വിസ എടുക്കുന്നവര്‍ക്ക് വന്‍ തുക ചെലവുള്ള ചികിത്സ അടക്കം സൗജന്യമായി നല്‍കിയിരുന്നു.
ഇതുമൂലം നിരവധി ക്രമക്കേടുകളും നടന്നിരുന്നു. സൗജന്യ ചികിത്സ അടക്കമുള്ള സൗകര്യങ്ങള്‍ രാജ്യത്തെ ബജറ്റിന് വലിയ ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത് പുനഃപരിശോധിക്കണമെന്ന ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.