റോഡുകളുടെ ശേഷി എട്ടുലക്ഷം; ഓടുന്നത് 18 ലക്ഷം വാഹനങ്ങള്‍

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനും നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന.
രാജ്യത്തെ റോഡുകള്‍ക്ക് എട്ടുലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനാണ് ശേഷിയുള്ളത്. എന്നാല്‍, 18 ലക്ഷം വാഹനങ്ങളാണ് നിരത്തിലൂടെ ഓടുന്നത്. ഈ സാഹചര്യത്തിലും കുരുക്ക് ഒഴിവാക്കി വാഹന ഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ തുറന്നതുമൂലം രാജ്യത്ത് വന്‍തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. യാത്രക്കാരുടെയും ജനങ്ങളുടെയും പ്രയാസം ഒഴിവാക്കുന്നതിന് ട്രാഫിക് പൊലീസ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പൊലീസ് പട്രോളുകളും പബ്ളിക് സെക്യൂരിറ്റിയും സഹകരിച്ചും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗതാഗത വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നില്ളെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ തെറ്റാണെന്നും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയവക്ക് നൂറുകണക്കിന് ദീനാറിന്‍െറ വര്‍ധന വരുത്താന്‍ അധികൃതര്‍ ലക്ഷ്യമിടുന്നതായും പ്രവാസി ഒന്നില്‍കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്നത് തടയുമെന്നുമുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. ഇത് തെറ്റാണെന്നും ഇത്തരമൊരുദ്ദേശ്യം ആഭ്യന്തര മന്ത്രാലയത്തിനില്ളെന്നും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു.
അതേസമയം, ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട ഫീസുകളില്‍ വര്‍ധനയുണ്ടാകും. ഇത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെയാണ് ബാധിക്കുക. നൂറുകണക്കിന് ദീനാറിന്‍െറ വര്‍ധനയുണ്ടാകില്ല. എല്ലാവര്‍ക്കും താങ്ങാവുന്ന രീതിയിലാണ് ഫീസ് വര്‍ധിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പൂര്‍ണമായും നിയന്ത്രിക്കും. ആറുമാസത്തിനിടെ ഇത്തരത്തില്‍ വാഹനമോടിച്ച 300 പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്.
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിന് 10 വര്‍ഷം കാലാവധിയെന്നത് തുടരും. അതേസമയം, വിസ കാലാവധിയോട് ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നതിന്‍െറ ഭാഗമായി പ്രഫഷന്‍ മാറുന്നതുവരെ മാത്രമേ ലൈസന്‍സിന് കാലാവധിയുണ്ടാകുകയുള്ളൂ. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കൃത്രിമം തടയുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം ആരംഭിക്കണമെന്ന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ വാഹനാപകടങ്ങളില്‍ 79 പൗരന്മാരക്കം 200 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാക്കള്‍ക്ക് അംഗവൈകല്യം സംഭവിച്ച സാഹചര്യത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കല്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. അമിതവേഗത്തിനെതിരെ ശക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. 120 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനമോടിച്ചതിന് 27,000 പേര്‍ക്ക് പിഴ വിധിച്ചതായും അദ്ദേഹം പറഞ്ഞു. സേഫ്റ്റി ലൈനില്‍ പരമാവധി വേഗം 45 കിലോമീറ്ററായ സ്ഥാനത്തുവരെ 120 കിലോമീറ്ററിന് മുകളില്‍ വാഹനമോടിച്ച സംഭവങ്ങളുണ്ട്.  നിയമലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കല്‍ കര്‍ക്കശമാക്കിയതിന്‍െറ ഭാഗമായി രാജ്യത്തെ അഞ്ച് വാഹന സൂക്ഷിപ്പു കേന്ദ്രങ്ങളും നിറഞ്ഞുകഴിഞ്ഞു. മൊത്തം 38,528 വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് പുതിയ കേന്ദ്രം കണ്ടത്തെുന്നതുവരെയാണ് ഇത് മരവിപ്പിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.